ഗതാഗത നിയമലംഘനം: ഒരു വർഷം 62 ലക്ഷം കേസുകൾ; പിഴ 526.99 കോടി
text_fieldsമലപ്പുറം: ഗതാഗതനിയമലംഘനത്തിന് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തത് 62,81,458 കേസുകളെന്ന് നിയമസഭ രേഖകൾ. 2023 ഒക്ടോബർ ഒന്നു മുതൽ 2024 സെപ്റ്റംബർ 30 വരെ ഇ-ചലാൻ പോർട്ടൽ മുഖേന എടുത്ത കേസുകളുടെ കണക്കാണിത്. ഇതുമായി ബന്ധപ്പെട്ട് പിഴയിട്ടത് 526.99 കോടി രൂപയാണ്.
ഇതുവരെ ശേഖരിച്ചത് 123.33 കോടി രൂപയും. എ.ഐ കാമറയിൽ പിടിക്കുന്നതും മോട്ടോർ വാഹന വകുപ്പ്, പൊലീസ് പരിശോധനയിൽ കണ്ടെത്തുന്നതുമായ നിയമലംഘനങ്ങൾ ഇ-ചലാൻ പോർട്ടൽ മുഖേനയാണ് രജിസ്റ്റർ ചെയ്യുന്നത്. കേസ് രജിസ്റ്റർ ചെയ്താൽ രജിസ്ട്രേഡ് മൊബൈലിലേക്ക് സന്ദേശമയക്കും.
ഇ-ചലാൻ ലഭിച്ചാൽ 90 ദിവസത്തിനകം പിഴയടക്കണം. അല്ലെങ്കിൽ കേസുകൾ വെർച്വൽ കോടതിയിലേക്കു പോകും. വെർച്വൽ കോടതിയിലും കേസ് തീർപ്പാകാതെ പോയാൽ ബന്ധപ്പെട്ട സി.ജെ.എം കോടതികളിൽ പ്രോസിക്യൂഷൻ നേരിടേണ്ടിവരും. നിലവിൽ ഓവർലോഡുമായി ബന്ധപ്പെട്ട കേസുകൾ മാത്രമേ സി.ജെ.എമ്മിൽ എത്തിയിട്ടുള്ളൂ. മൊബൈൽ നമ്പർ, സൈറ്റിൽ അപ്ഡേറ്റ് ചെയ്യാത്തതിനാൽ പലർക്കും സന്ദേശമെത്താത്ത പ്രശ്നമുണ്ട്. പിഴസംഖ്യയുടെ 25 ശതമാനംപോലും സർക്കാറിന് പിരിച്ചെടുക്കാൻ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.