കെട്ടിടം വാടകക്കെടുത്ത് പെൺവാണിഭം: പിടിയിലായത് ക്രിമിനൽ കേസ് പ്രതികളടക്കം നാലുപേർ
text_fieldsകൊച്ചി: സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ വിവേകാനന്ദ റോഡിലുള്ള കെട്ടിടത്തിൽനിന്ന് പിടിയിലായ പെൺവാണിഭ സംഘത്തിൽ കാപ്പ, മോഷണക്കേസ് പ്രതികൾ ഉൾപ്പെടെയുള്ളവർ.
ചൊവ്വാഴ്ച വൈകീട്ട് നടന്ന റെയ്ഡിൽ നടത്തിപ്പുകാരായ കോഴിക്കോട് വടകര മെത്തയിൽ ചാലിവീട്ടിൽ സി. രാജേഷ് (39), തിരുവനന്തപുരം വട്ടപ്പാറ കടത്തുംകര വീട്ടിൽ പി. വിഷ്ണു (35), തൃശൂർ ചാലക്കുടി കുറ്റിക്കാട് കന്നോലി വീട്ടിൽ ഷിജോൺ (44), എറണാകുളം തമ്മനം കന്നോത്ത്പറമ്പ് ആർ.ജി. സുരേഷ് (49) എന്നിവരാണ് പിടിയിലായത്. ഷിജോൺ 14ഓളം ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാളും തൃശൂർ ജില്ലയിൽനിന്ന് കാപ്പ ചുമത്തി നാടുകടത്തപ്പെട്ട വ്യക്തിയുമാണ്.
വിഷ്ണുവിനെതിരെ മോഷണക്കേസുകളുണ്ട്. മറ്റ് പ്രതികളുടെ കേസ് വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായതോടെ പ്രദേശവാസികളടക്കം പരാതിപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് പട്രോളിങ് ശക്തമാക്കുകയായിരുന്നു. സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകീട്ട് വിവേകാനന്ദ റോഡിലെ ഇരുനിലക്കെട്ടിടത്തിൽ റെയ്ഡ് നടത്തിയപ്പോഴാണ് പ്രതികൾ കുടുങ്ങിയത്.
കെട്ടിടത്തിലെ പല മുറികളിലും സ്ത്രീകളെയും ഇടപാടുകാരെയും കണ്ടെത്തി. പ്രതികൾ കെട്ടിടം പണയത്തിനെടുത്ത് സ്ത്രീകളെ താമസിപ്പിച്ച് വ്യഭിചാരശാല നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ലീസ് എഗ്രിമെൻറും പണവും പിടിച്ചെടുത്തു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ സുദർശന്റെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ എ.സി.പി സി. ജയകുമാറിന്റെ മേൽനോട്ടത്തിൽ സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയി, സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, സി. അനൂപ്, ഇന്ദുചൂഡൻ, സെൽവരാജ്, പിങ്ക് പട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ.എസ്.ഐമാരായ ഷൈനിമോൾ, സി.ആർ. സിന്ധു, എസ്.സി.പി.ഒ സി.വി. നിഷ, സി.പി.ഒ ജാനി ഫിലിൻ, എസ്.സി.പി.ഒമാരായ ജിജിമോൻ സെബാസ്റ്റ്യൻ, സനീഷ്, സി.പി.ഒമാരായ സുനോയി, സോമരാജൻ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.