താഴേക്ക് പടികളിറങ്ങുന്ന ഓഡിറ്റോറിയം; പ്രവേശനത്തിന് ഒരു ഗേറ്റ് മാത്രം, തിരക്ക് കൂട്ടി മഴ
text_fieldsകൊച്ചി: താഴേക്ക് പടികളിറങ്ങുന്ന വിധത്തിലാണ് കുസാറ്റ് ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയം. ഏറ്റവും താഴെയായാണ് വേദി. ഇതിന് മുന്നിലായി മുകളിലേക്ക് പടിപടികളായാണ് ഇരിപ്പിടങ്ങൾ. പ്രവേശന ഗേറ്റിൽ നിന്ന് താഴേക്ക് പടികളിറങ്ങി വേണം ഓഡിറ്റോറിയത്തിലേക്ക് വരാൻ. വൻ തിരക്ക് കാരണം ഈ പടികളിലാണ് വിദ്യാർഥികൾ ആദ്യം വീണത്. പിന്നാലെയെത്തിയവർ ഇവർക്ക് മേൽ വീണതോടെ കേരളം നടുങ്ങിയ മറ്റൊരു ദുരന്തത്തിന് കളമശ്ശേരിയിലെ കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാല സാക്ഷിയാവുകയായിരുന്നു.
ഇന്നലെ വൈകീട്ട് ഏഴോടെയാണ് ദുരന്തമുണ്ടായത്. പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യയായതിനാൽ വൻതോതിൽ വിദ്യാർഥികൾ പരിപാടിക്കെത്തിയിരുന്നു. സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്‍റെ ടെക് ഫെസ്റ്റായ 'ധിഷണ'യിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേകം കാർഡും ടീഷർട്ടുമുണ്ടായിരുന്നു. ഇവരാണ് ആദ്യം ഓഡിറ്റോറിയത്തിനകത്ത് പ്രവേശിച്ചത്.
ദുരന്തസമയത്ത് പരിപാടി ആരംഭിച്ചിരുന്നില്ല. ഓഡിറ്റോറിയത്തിന്‍റെ ഗേറ്റിന് പുറത്ത് വൻതോതിൽ വിദ്യാർഥികൾ തടിച്ചുകൂടി. മഴ പെയ്തതോടെ ഓഡിറ്റോറിയത്തിലേക്കെത്തിയവരുടെ എണ്ണം വർധിച്ചു. ഓഡിറ്റോറിയത്തിനകത്തേക്ക് പ്രവേശിക്കാൻ ഒരു ഗേറ്റ് മാത്രമാണുണ്ടായിരുന്നത്. ഈ ഗേറ്റിൽ വൻ തിരക്കായിരുന്നു. ഗേറ്റ് തുറന്നതും തിക്കുംതിരക്കും കാരണം ഏറ്റവും മുന്നിലുണ്ടായിരുന്ന വിദ്യാർഥികൾ മുന്നിലെ പടിക്കെട്ടിലേക്ക് വീണു. പിന്നാലെയെത്തിയവരും ഇവരുടെ മേലേക്ക് വീണതോടെ ദുരന്തം സംഭവിക്കുകയായിരുന്നു. മരിച്ച നാല് വിദ്യാർഥികൾക്കും ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ജീവൻ നഷ്ടമായെന്നാണ് വിവരം.
രണ്ടാംവർഷ സിവിൽ വിദ്യാർഥി എറണാകുളം കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകൻ അതുൽ തമ്പി, രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർഥിനി പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജുകുട്ടിയുടെ മകൾ ആൻ റിഫ്ത്ത (20), രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനി കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മൈലേലംപാറ വയലപള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (19) എന്നീ വിദ്യാർഥികളും പാലക്കാട് മുണ്ടൂർ സ്വദേശിയായ ആൽബിൻ ജോസഫുമാണ് മരിച്ചത്. 64 പേർക്ക് പരിക്കുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.