മെഡിക്കൽ കോളജുകളിൽ പഞ്ചിങ് സംവിധാനം നടപ്പാക്കുന്നു; ട്രയൽ ഇന്നുമുതൽ
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുന്നു. ബുധനാഴ്ച മുതൽ മെഡിക്കൽ കോളജുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ പഞ്ചിങ് തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ 10 മെഡിക്കൽ കോളജുകളും ഇവയുടെ പരിധിയിലെ െഡൻറൽ, നഴ്സിങ്, ചെസ്റ്റ് ആശുപത്രികൾ തുടങ്ങിയവയുമായി 30ലേറെ സ്ഥാപനങ്ങളുണ്ട്. ഒരുമാസം പരീക്ഷണാടിസ്ഥാനത്തിൽ പഞ്ചിങ് നടപ്പാക്കുകയും ഈ കാലയളവിൽ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുകയും ചെയ്യും. ഡി.എം.ഇക്കു കീഴിലുള്ള ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ തുടങ്ങിയവർക്കാണ് പഞ്ചിങ് നിർബന്ധമാക്കുന്നത്. ജീവനക്കാരുടെ വിരലടയാളം ശേഖരിക്കുന്നതുൾെപ്പടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ വ്യവസ്ഥാപിതമാക്കുകയും ഇതുവഴി സ്ഥാപനങ്ങളുടെ നിലവാരം വർധിപ്പിക്കുകയുമാണ് ബയോമെട്രിക് പഞ്ചിങ്ങിെൻറ ലക്ഷ്യം. ഹാജർബുക്കിൽ ഒപ്പിട്ട് മുങ്ങുന്നുവെന്ന പരാതിക്കും ഇതോടെ പരിഹാരമാവും. ഇതോടൊപ്പം പഴയ രീതിയിലെ ഹാജർ ഒപ്പിടലും തുടരും. നിലവിൽ 70 ശതമാനത്തിലേറെ പേരുടെ വിരലടയാളം ശേഖരിക്കുകയും കെൽട്രോണിെൻറ നേതൃത്വത്തിൽ എല്ലാ സ്ഥാപനങ്ങളിലും പഞ്ചിങ് യന്ത്രം സ്ഥാപിക്കുകയും ചെയ്തതായി സംസ്ഥാനതല നോഡൽ ഓഫിസർ ജോസി സെബാസ്റ്റ്യൻ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടു വർഷംമുമ്പ് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഡോക്ടർമാർ ഇതിനോട് വിമുഖത കാണിച്ചിരുന്നു. പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ മാത്രം പഞ്ചിങ് മെഷീൻ സ്ഥാപിച്ചതിനാലും പലർക്കും പല ജോലിസമയമായതിനാലും ഡോക്ടർമാർ പഞ്ച് ചെയ്യില്ലെന്ന് കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ തീരുമാനമെടുക്കുകയായിരുന്നു. മറ്റു ജീവനക്കാർ കുറച്ചുനാൾ പഞ്ച് ചെയ്തിരുന്നെങ്കിലും മൂന്നു മാസത്തിനകം അതും നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.