ട്രെയിനിലെ തീവെപ്പ്: പ്രതിയുടെ റിമാൻഡ് നീട്ടി, പ്രതിയുമായി ഇനിയും തെളിവെടുപ്പ് വേണ്ടിവരുമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുടെ റിമാൻഡ് മേയ് അഞ്ച് വരെ നീട്ടി. റിമാൻഡ് കാലാവധി തീർന്നതിനെ തുടർന്നാണ് വ്യാഴാഴ്ച കേസ് സെഷൻസ് കോടതി പരിഗണിച്ചത്. യു.എ.പി.എ ചുമത്തിയതിനെ തുടർന്ന് പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിലേക്ക് മാറ്റിയ കേസ് പ്രിൻസിപ്പൽ സെഷൻസിന്റെ ചുമതലയുള്ള ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.ഇ. സാലിഹാണ് പരിഗണിച്ചത്. വിയ്യൂരിലെ അതിസുരക്ഷ ജയിലിൽനിന്ന് വിഡിയോ കോൺഫറൻസ് വഴി പ്രതിയെ ഹാജരാക്കുകയായിരുന്നു. പ്രതിക്കു വേണ്ടി ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ. പി. പീതാംബരൻ ഹാജരായി.
കേസ് എൻ.ഐ.എ ഏറ്റെടുത്തതായി പ്രോസിക്യൂട്ടർ അഡ്വ. ജോജു സിറിയക് കോടതിയെ ഔദ്യോഗികമായി അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തിന്റെ റിപ്പോർട്ടും സമർപ്പിച്ചു. കൂടുതൽ അന്വേഷണത്തിന് പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വീണ്ടും ആവശ്യപ്പെടുമെന്ന് റിപ്പോർട്ടിലുണ്ട്. ആശുപത്രിയിൽ കഴിയുന്ന സാക്ഷികളുമായി പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്താനുണ്ട്. പ്രതിയുടെ മൊബൈലിലുള്ള വിവരങ്ങളും മറ്റും ഉപയോഗിച്ച് ഡിജിറ്റൽ പരിശോധനകൾ നടന്നുവരുകയാണ്. ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയിലുള്ള പരിശോധന തുടരുകയാണ്. അതിൽനിന്നുള്ള വിവരങ്ങൾവെച്ച് പ്രതിയെ ഇനിയും ചോദ്യം ചെയ്യേണ്ടിവരും.
തീവ്രവാദബന്ധത്തെക്കുറിച്ചാണ് അന്വേഷണം നടത്തേണ്ടത്. കേസിൽ മറ്റേതെങ്കിലും പ്രതിയോ സംഘടനയോ ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ പരാമർശമില്ല. അതേപ്പറ്റി കൂടുതൽ അന്വേഷണം നടത്തണം. എറണാകുളം പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റാൻ എൻ.ഐ.എ അടുത്ത ദിവസം അപേക്ഷ നൽകിയേക്കും. പ്രതിക്കെതിരെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) 16ാം വകുപ്പ് ചുമത്തിയതിനാലാണ് കേസ് യു.എ.പി.എ പ്രത്യേക കോടതികൂടിയായ പ്രിൻസിപ്പൽ സെഷൻസിലേക്ക് മാറ്റിയത്.
ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് എലത്തൂർ സ്റ്റേഷൻ വിട്ട ഉടനെയായിരുന്നു ഒമ്പതുപേർക്ക് പൊള്ളലേൽക്കുകയും കുട്ടിയടക്കം മൂന്നുപേർ മരിക്കുകയും ചെയ്ത ട്രെയിൻ തീവെപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.