ട്രെയിനിലെ തീവെപ്പ്: ദുരൂഹതകൾ ബാക്കി, ഒരാൾമാത്രം ഉൾപ്പെട്ട കുറ്റകൃത്യമായി പൊലീസ് ഇതിനെ കണ്ടിരുന്നില്ല
text_fieldsകോഴിക്കോട്: ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും തുടർന്ന് മൂന്നുപേർ ട്രാക്കിലേക്ക് വീണ് മരിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിലായെങ്കിലും ദുരൂഹതകൾ ബാക്കി. സംഭവം ഉണ്ടായതിനുപിന്നാലെ ഒരാൾമാത്രം ഉൾപ്പെട്ട കുറ്റകൃത്യമായി പൊലീസ് ഇതിനെ കണ്ടിരുന്നില്ല. പുറത്തുനിന്നുള്ള ഒത്താശകൾ ലഭിക്കാതെ ഒരാൾക്ക് നേരിട്ട് ഇത്തരത്തിലൊരു ക്രൂരകൃത്യത്തിന് കഴിയില്ലെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ.
സ്ഥലത്തുനിന്ന് ലഭിച്ച ബാഗിലെ മൊബൈൽ ഫോൺ, നോട്ട് ബുക്ക് എന്നിവയിൽനിന്ന് പ്രതിയെ കുറിച്ച സൂചനകൾ ലഭിച്ചെങ്കിലും ഇയാളുൾപ്പെടെ സംഘം എന്ന നിലക്കാണ് അന്വേഷണം പുരോഗമിച്ചത്. പെട്രോൾ ഒഴിച്ചതും തീ കൊളുത്തിയതും ആക്രമി ഒറ്റക്കായിരുന്നുവെന്നും ആരും ഒപ്പമില്ലായിരുന്നുവെന്നുമാണ് റാസിഖ് അടക്കമുള്ളവരുടെ സാക്ഷിമൊഴിയെങ്കിലും ‘ആക്രമി സംഘം’ എന്ന നിലക്കാണ് അന്വേഷണം നടത്തിയത്.
മാനസിക വിഭ്രാന്തിയുള്ള ആൾ എന്നതടക്കമുള്ള സംശയങ്ങളും ആദ്യമേ പൊലീസ് തള്ളിയിരുന്നു. ഒരു പ്രകോപനവുമില്ലാതെ പ്രതി കമ്പാർട്ട്മെന്റിലേക്ക് എത്തുകയും യാത്രക്കാർക്കുനേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു എന്നും സാക്ഷിമൊഴികളുണ്ട്. മാത്രമല്ല, ഇയാൾ ബഹളം വെക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്തില്ലെന്നും സാക്ഷികൾ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ആക്രമിസംഘം പലവഴിക്ക് പോകാനുള്ള സാധ്യതമുന്നിൽ കണ്ടാണ് രാജ്യവ്യാപക അന്വേഷണം നടത്തിയതും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളുടെയും സഹകരണങ്ങൾ ആവശ്യപ്പെട്ടതും.
പിടിക്കപ്പെട്ട ആൾതന്നെയാണ് ആക്രമിയെന്ന് ഉറപ്പിച്ചതോടെ ഇയാൾ എങ്ങനെ കേരളത്തിലെത്തി, കേരളത്തിൽനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചോ, ആക്രമണത്തിന് എലത്തൂരും ആലപ്പുഴ-കണ്ണൂർ എക്സ്പ്രസും തിരഞ്ഞെടുത്തതെന്തിന്, ആക്രമണത്തിനു പിന്നിലെ ഉദ്ദേശ്യമെന്ത്, ആക്രമണശേഷം എങ്ങനെ ആരുടെയും കണ്ണിൽപെടാതെ മഹാരാഷ്ട്രയിലെത്തി എന്നിവയടക്കമുള്ള ചോദ്യങ്ങളാണ് അന്വേഷണസംഘത്തിന് മുന്നിലുള്ളത്.
പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും
കോഴിക്കോട്: ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ വലിയ ശിക്ഷകൾ ലഭിക്കുന്ന യു.എ.പി.എ ഉൾപ്പെടെ കടുത്ത വകുപ്പുകൾ അന്വേഷണസംഘം ചുമത്തും. കേരളത്തിലെത്തിക്കുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വിവരങ്ങൾ വിശകലനം ചെയ്ത ശേഷമാവും കൂടുതൽ വകുപ്പുകൾ ചുമത്തുക. ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ കഴിഞ്ഞ ദിവസം എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ പരമാവധി വധശിക്ഷ ലഭിക്കുന്ന (302 -കൊലപാതകം), ജീവപര്യന്തം തടവും പിഴയും ലഭിക്കുന്ന (307 -കൊലപാതക ശ്രമം), 10 വർഷത്തിൽ കുറയാത്ത തടവോ ജീവപര്യന്തം തടവോ ലഭിക്കുന്ന (326 എ -ആസിഡ് പോലുള്ളവ ഉപയോഗിച്ച് കഠിന പരിക്കേല്പിക്കൽ), ജീവപര്യന്തം തടവു ലഭിക്കുന്ന (436 -തീപിടിക്കുന്ന വസ്തുക്കളുമായി കുഴപ്പമുണ്ടാക്കൽ), രണ്ടുവർഷം തടവും പിഴയും ലഭിക്കുന്ന (338 -ജീവഹാനി വരുത്തുന്ന പ്രവൃത്തി ചെയ്ത് ഗുരുതര പരിക്കേല്പിക്കൽ) എന്നിവക്കൊപ്പം അഞ്ചുവർഷം തടവും പിഴയും ലഭിക്കുന്ന (റെയിൽവേ ആക്റ്റ് 151 -ട്രെയിനിന് കേടുപാടുണ്ടാക്കൽ) എന്നീ കുറ്റങ്ങളാണ് കോഴിക്കോട് റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലുള്ളത്.
അതിനിടെ, കേസിലെ മുപ്പതോളം തൊണ്ടിമുതലുകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു. ട്രെയിനിൽനിന്ന് ലഭിച്ച പെട്രോൾ കുപ്പി, കത്തിക്കരിഞ്ഞ വസ്തുക്കൾ, ഫോറൻസിക്, ഫിംഗർ പ്രിന്റ്, മഹസർ എന്നിവയുടെ റിപ്പോർട്ടുകൾ, ഫോട്ടോകൾ, വിഡിയോകൾ അടക്കമുള്ളവയാണ് റെയിൽവേ ഇൻസ്പെക്ടർ സുധീർ മനോഹർ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.