ട്രെയിൻ തീവെപ്പ്: ഷാറൂഖ് സെയ്ഫി കണ്ണൂരിൽ ചെലവഴിച്ചത് മണിക്കൂറുകൾ
text_fieldsകണ്ണൂർ: എലത്തൂരിൽ ട്രെയിൻ തീവെപ്പിനുശേഷം ഷാറൂഖ് സെയ്ഫി കണ്ണൂരിൽ ചെലവഴിച്ചത് മണിക്കൂറുകൾ. പക്ഷേ, സി.സി.ടി.വി അരിച്ചുപെറുക്കിയിട്ടും ഇയാളുടെ നിഴൽപോലും കണ്ടെത്താനായില്ല. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രധാന ഭാഗങ്ങളിലെല്ലാം സി.സി.ടി.വിയുണ്ട്. പ്രതിയുടെ ഫോട്ടോ പുറത്തുവന്നതോടെ ഉദ്യോഗസ്ഥർ പലവട്ടം സി.സി.ടി.വി പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് എലത്തൂരിൽ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ അനിഷ്ടസംഭവം. കലങ്ങിയ കണ്ണും പൊള്ളലേറ്റ മുഖവുമായി, ഭാഷപോലുമറിയാത്ത ഇതര സംസ്ഥാനക്കാരൻ റോഡ് വഴി കണ്ണൂരിലേക്ക് പോവാൻ സാധ്യത കുറവാണ്. സംഭവസമയം പുറത്തിറങ്ങിയ പ്രതി അതേ ട്രെയിനിൽ രാത്രി 11.37ന് കണ്ണൂരിലെത്തിയതായാണ് നിഗമനം.
ഏപ്രിൽ മൂന്നിന് വൈകീട്ട് രത്നഗിരിക്ക് സമീപം പ്രതി പിടിയിലായെന്ന് മഹാരാഷ്ട്ര എ.ടി.എസ് മേധാവി അറിയിച്ച സ്ഥിതിക്ക് മൂന്നിന് പുലർച്ചെ 1.40ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട മരുസാഗർ എക്സ്പ്രസിൽ കയറിപ്പറ്റിയിരിക്കണം. അങ്ങനെയെങ്കിൽ അക്രമദിവസം രണ്ടുമണിക്കൂറിലധികം പ്രതി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചെലവഴിച്ചിരിക്കണം.
എലത്തൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് കർശന പരിശോധന നടത്തിയ സമയം കൂടിയാണത്. വിദഗ്ധനായ കുറ്റവാളിക്കേ പൊലീസിന്റെ കണ്ണുവെട്ടിച്ച് കണ്ണൂരിലിറങ്ങി മണിക്കൂറുകൾക്കുശേഷം വീണ്ടും കണ്ണൂരിൽനിന്ന് അജ്മീർ ലക്ഷ്യമിട്ട് മരുസാഗർ എക്സ്പ്രസിൽ കയറാൻ കഴിയുകയുള്ളൂ. അജ്മീറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായി രേഖകൾ ഒന്നുമില്ല.
ചുരുക്കത്തിൽ, കൃത്യം നടത്തിയശേഷം പ്രതി നടത്തിയ യാത്രകളെ കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥർക്കും ഒന്നും പറയാൻ കഴിയുന്നില്ല. പാളങ്ങളിലും സമീപത്തെ കുറ്റിക്കാടുകളിലുമൊന്നും കാമറ സാന്നിധ്യമില്ലാത്തതാവും പ്രതിക്ക് സൗകര്യമായിട്ടുണ്ടാവുകയെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.