ലോക്കോ പൈലറ്റുമാർക്ക് ക്ഷാമമെന്ന്; ട്രെയിനുകൾ റദ്ദാക്കി
text_fields
തിരുവനന്തപുരം: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നത് ചൂണ്ടിക്കാട്ടി ബുധനാഴ്ച മുതൽ സെപ്റ്റംബർ ഒമ്പതുവരെ എട്ട് പാസഞ്ചർ ട്രെയിനുകൾ പൂർണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കി. അതേസമയം, ലോക്കോ പൈലറ്റുമാരുടെ ക്ഷാമമാണ് സർവിസ് മുടങ്ങാൻ കാരണമെന്ന് ആരോപണമുണ്ട്. ലോക്കോ പൈലറ്റ് തസ്തികയില്‍ ഏറെക്കാലമായി ഒഴിവുകളുണ്ട്. പ്രളയബാധിത മേഖലകളില്‍ താമസിച്ചിരുന്ന 20 ഓളം ലോക്കോ പൈലറ്റുമാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. ഇതോടെയാണ് സർവിസ് പ്രതിസന്ധിയിലായത്. ഇതോടെ ട്രെയിനുകൾ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായെന്നാണ് വിവരം.
തിരുവനന്തപുരം ഡിവിഷനില്‍ 525 ലോക്കോ പൈലറ്റുമാരുടെ തസ്തികയില്‍ 420പേര്‍ മാത്രമാണുള്ളത്. 10 പേര്‍ സ്വയം വിരമിക്കലിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം, ദക്ഷിണ റയില്‍വേയുടെ മറ്റു ഡിവിഷനുകളില്‍നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കി 25 ലോക്കോ പൈലറ്റുമാര്‍ കാത്തിരിപ്പുണ്ട്. ഇവര്‍ ജോലി ചെയ്യുന്ന ഡിവിഷനുകള്‍ വിട്ടുവരാന്‍ അതത് ഡിവിഷന്‍ നേതൃത്വത്തിെൻറയും ജനറല്‍ മാനേജറുടെയും അനുമതി വേണം. മറ്റു ഡിവിഷനുകളിലും ലോക്കോ പൈലറ്റുമാരുടെ കുറവുള്ളതിനാല്‍ ഇവരുടെ സ്ഥലംമാറ്റം വൈകുകയാണ്.
ഒമ്പതു വരെ റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ:
ഗുരുവായൂർ-തൃശൂർ പാസഞ്ചർ (56043), തൃശൂർ-ഗുരുവായൂർ (56044), പുനലൂർ-കൊല്ലം (56333), കൊല്ലം-പുനലൂർ (56334), ഗുരുവായൂർ-തൃശൂർ (56373), തൃശൂർ-ഗുരുവായൂർ (56374), എറണാകുളം-കായംകുളം (56387), കായംകുളം-എറണാകുളം (56388, കോട്ടയം വഴി)
ഒമ്പതു വരെ ഭാഗികമായി റദ്ദാക്കിയവ
ഗുരുവായൂർ-പുനലൂർ (56365) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും
പുനലൂർ-ഗുരുവായൂർ (56366) കൊല്ലത്തുനിന്ന് യാത്ര ആരംഭിക്കും
കോഴിക്കോട്-തൃശൂർ (56664) ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും
തൃശൂർ-കോഴിക്കോട് (56663) ഷൊർണൂരിൽനിന്ന് യാത്ര തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.