ട്രെയിൻ തീവെപ്പ്: കേസ് ഡയറിയടക്കം അന്വേഷണ വിവരങ്ങൾ എൻ.ഐ.എക്ക് കൈമാറി
text_fieldsകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പിൽ കേസ് ഡയറി ഉൾപ്പെടെയുള്ള അന്വേഷണ വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് എൻ.ഐ.എ കൊച്ചി യൂനിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥർ കോഴിക്കോട്ടെത്തി അന്വേഷണ ചുമതലയുണ്ടായിരുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി. വിക്രമനിൽനിന്നാണ് ഫയലുകൾ ഏറ്റെടുത്തത്.
പ്രതി ഷാറൂഖ് സെയ്ഫി, ഇയാളുടെ പിതാവ് ഫക്രുദ്ദീൻ, ബന്ധുക്കൾ, ആക്രമണത്തിൽ പൊള്ളലേറ്റ ട്രെയിൻ യാത്രക്കാർ അടക്കമുള്ളവരുടെ മൊഴികൾ, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും അവയുടെ വിഡിയോയും ഉൾപ്പെടെയാണ് കൈമാറിയത്.
പ്രതിക്കെതിരെ നിയമവിരുദ്ധ പ്രവർത്തനത്തിലേർപ്പെടൽ നിയമത്തിലെ (യു.എ.പി.എ) 16ാം വകുപ്പ് ചുമത്തിയതിനുപിന്നാലെ കേസ് എൻ.ഐ.എ ഏറ്റെടുക്കുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് കേസ് വിവരങ്ങൾ എൻ.ഐ.എക്ക് കൈമാറാൻ ഡി.ജി.പി അനിൽകാന്ത് എസ്.പി പി. വിക്രമന് നിർദേശം നൽകി. കേസ് വിവരങ്ങൾ കൈമാറിയതോടെ തുടരന്വേഷണത്തിൽനിന്ന് കേരള പൊലീസ് പൂർണമായും ഒഴിവായി.
അതിനിടെ, പ്രതി ഷാറൂഖ് സെയ്ഫിയുടെ പിതാവ് ഫക്രുദ്ദീന് ചോദ്യം ചെയ്യാൻ ഹാജരാകാനാവശ്യപ്പെട്ട് എൻ.ഐ.ഐ നോട്ടീസ് നൽകിയതായാണ് വിവരം.കൊച്ചി ഓഫിസിൽ എത്താനാണ് ആവശ്യപ്പെട്ടത്. ഷാറൂഖ് സെയ്ഫി അറസ്റ്റിലായതിനുപിന്നാലെ കേരള പൊലീസും ഡൽഹി സ്പെഷൽ പൊലീസും വീട്ടിലെത്തി ഫക്രുദ്ദീൻ അടക്കമുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് എലത്തൂർ സ്റ്റേഷൻ വിട്ട ഉടനെയായിരുന്നു കേരളത്തെ ഞെട്ടിച്ച് യാത്രക്കാരെ പെട്രോൾ ഒഴിച്ചുള്ള തീവെപ്പ്. ഒമ്പതുപേർക്ക് പൊള്ളലേൽക്കുന്നതിനും മൂന്നുപേരുടെ മരണത്തിനും ഇടയാക്കിയ ആക്രമണത്തിൽ കോഴിക്കോട് റെയിൽവേ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വരുംദിവസം ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും എൻ.ഐ.എ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.