ട്രെയിനിലെ തീവെപ്പ്: മരണങ്ങളിലെ ദുരൂഹത മാറിയില്ല
text_fieldsകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട മൂന്നു മരണങ്ങളിൽ വ്യക്തത വന്നില്ല. ഇവർ ട്രെയിനിൽനിന്ന് പുറത്തേക്കു ചാടുകയായിരുന്നോ, അതോ പ്രതി ഇവരെ തള്ളിയിട്ടോ എന്ന കാര്യത്തിലാണ് കേസിൽ അറസ്റ്റുണ്ടായിട്ടും വ്യക്തതയില്ലാത്തത്. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് ഷാറൂഖ് സെയ്ഫി വ്യക്തമായ ഉത്തരം നൽകിയില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ പ്രതി യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീയിട്ടതിനു പിന്നാലെ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ച് പൊള്ളലേറ്റവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇതിനു പിന്നാലെയാണ് മട്ടന്നൂർ കൊടോളിപ്രം വരുവക്കുണ്ട് കൊട്ടാരത്തിൽ പുതിയപുരയിൽ നൗഫീഖ് (39), പാലോട്ടുപള്ളി കല്ലൂർ റോഡ് ബദരിയ്യ മൻസിലിൽ മാണിക്കോത്ത് റഹ്മത്ത് (45), ഇവരുടെ സഹോദരി ജസീലയുടെ മകൾ കോഴിക്കോട് ചാലിയം കുന്നുമ്മൽ സഹറ ബത്തൂൽ (രണ്ടര) എന്നിവരുടെ മൃതദേഹം എലത്തൂർ സ്റ്റേഷനു സമീപം ട്രാക്കിൽ കണ്ടെത്തിയത്.
ഇവർക്ക് കാര്യമായ പൊള്ളലുണ്ടായിരുന്നില്ല. എന്നാൽ, തലക്കുൾപ്പെടെ ഗുരുതര പരിക്കുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആക്രമണം കണ്ട് ഭയന്ന് ഇവർ ട്രെയിനിൽനിന്ന് പുറത്തേക്കു ചാടിയോ അതോ ആക്രമി ഇവരെ തള്ളിയിട്ടോ എന്നതടക്കമുള്ള സംശയമാണ് മരണങ്ങളിലുള്ളത്. സംഭവത്തിലെ ദൃക്സാക്ഷികളൊന്നും ഇവർ എങ്ങനെ പുറത്തേക്കു വീണു എന്നതു സംബന്ധിച്ച് പൊലീസിന് മൊഴി നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.