നാളെ മുതൽ ട്രെയിനില്ലാ കേരളം
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് സർവിസ് നടത്തിയ മൂന്നു ട്രെയിനുകൾ റദ്ദാക്കിയതോടെ ശനിയാഴ്ച മുതൽ ട്രെയിനില്ലാ കേരളമാവും. കണ്ണൂർ-തിരുവനന്തപുരം, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകളും ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസുമാണ് ലോക്ഡൗൺ ഇളവിൽ സംസ്ഥാനത്തിനകത്ത് യാത്രചെയ്യുന്നവർക്ക് ആശ്രയമായിരുന്നത്. ഇൗ മൂന്ന് ട്രെയിനുകളാണ് ശനിയാഴ്ച മുതൽ പിൻവലിക്കുന്നത്. 25 ശതമാനത്തിൽ കുറവ് യാത്രക്കാരുള്ള ട്രെയിനുകൾ റദ്ദാക്കിയ കൂട്ടത്തിലാണ് റെയിൽവേ ഇൗ ട്രെയിനുകളെ ഉൾപെടുത്തിയത്.
കോഴിക്കോട് ജനശതാബ്ദി ട്രെയിൻ 50 ശതമാനം വരെ യാത്രക്കാരെയുമായാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒാടിയത്. ഒാണത്തിന് മുമ്പുള്ള കണക്കുപ്രകാരമാണ് റെയിൽവേ ട്രെയിൻ റദ്ദാക്കിയത്. ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിലായതോടെ ട്രെയിൻ യാത്രക്കാരുടെ എണ്ണം കൂടിവരുന്നതായി റെയിൽവേ വൃത്തങ്ങൾ 'മാധ്യമ'ത്തോടു പറഞ്ഞു. യാത്രക്കാരുടെ എണ്ണം 600 വരെ എത്തിയതായി അധികൃതർ പറയുന്നു.
രോഗികൾ ഉൾപെടെയുള്ളവരെയും സാധാരണക്കാരെയുമാണ് ട്രെയിൻ റദ്ദാക്കുന്നത് കാര്യമായി ബാധിക്കുക. ലോക്ഡൗൺ പൂർണമായി പിൻവലിക്കാതെ കേരളത്തിൽ ട്രെയിൻയാത്ര സാധ്യമല്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്.
റെയിൽവേയുടെ തീരുമാനത്തിൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമുയരുന്നുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എം.പി എം.കെ. രാഘവൻ റെയിൽവേക്ക് കത്തെഴുതിയിട്ടുണ്ട്.
അതേസമയം, ഇതര സംസസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് സർവിസ് നടത്തുന്ന നേത്രാവതി, മംഗള, തുരന്തോ ട്രെയിനുകൾ സെപ്റ്റംബർ 15 മുതൽ കേരളത്തിലൂടെ ഒാടും. നിലവിൽ കൊങ്കണിൽ മണ്ണിടിച്ചിൽ മൂലമാണ് ട്രെയിനുകൾ വഴിമാറി ഒാടുന്നത്. ഇതിൽ പക്ഷേ, കേരളത്തിലെ ആഭ്യന്തര യാത്രക്കാർക്ക് കയറാൻ കഴിയില്ല. കോവിഡ് ആയതിനാൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്ന ട്രെയിനുകളിൽ കയറുന്നതിന് നിന്ത്രണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.