ട്രെയിനുകളുടെ വൈകിയോട്ടത്തിന് പരിഹാരമായില്ല
text_fieldsതിരുവനന്തപുരം: ട്രെയിനുകളുെട വൈകിയോട്ടം പരിശോധിക്കാൻ നിരീക്ഷണസംവിധാനമേർപ്പെടുത്തുമെന്ന് റെയിൽവേ എം.പിമാർക്ക് നൽകിയ ഉറപ്പ് പാഴായി. ബുധനാഴ്ച ദക്ഷിണറെയിൽവേ വിളിച്ച എം.പിമാരുടെ യോഗത്തിലാണ് ചീഫ് ഒാപറേറ്റിങ് മാനേജറുടെ നേതൃത്വത്തിൽ നിരീക്ഷണസംവിധാനത്തെക്കുറിച്ച് ഉറപ്പുനൽകിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ചെന്നൈയിലെ റെയിൽവേ ആസ്ഥാനത്തുനിന്ന് തിരുവനന്തപുരം ഡിവിഷന് ഇതുസംബന്ധിച്ച് ഒരു വിവരവുമില്ല. ട്രെയിനുകളുടെ റണ്ണിങ് സമയം സംബന്ധിച്ചും വിവരമാരാഞ്ഞിട്ടില്ല. സമയപ്പട്ടിക നിരീക്ഷിക്കാൻ ചെന്നൈയിൽ റെയിൽേവക്ക് സ്ഥിരം സംവിധാനമുണ്ട്. എം.പിമാരുടെ പ്രതിഷേധം തണുപ്പിക്കാൻ ഇൗ സംവിധാനത്തിെൻറ പേരിൽ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
യോഗത്തിൽ എം.പിമാർ പ്രതിഷേധിച്ചശേഷവും ട്രെയിനുകൾ പഴയപടിതന്നെ. വേണാട്, വഞ്ചിനാട് , മലബാര്‍, ഇൻറര്‍സിറ്റി, മാവേലി ഉള്‍പ്പെടെ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ സമയക്രമം പാലിക്കുമെന്ന ഉറപ്പും വെള്ളത്തിൽ വരച്ച വരയായി. അഞ്ച് മിനിറ്റിലധികം വൈകില്ലെന്ന് എം.പിമാർക്ക് നൽകിയ ഉറപ്പിൽ നിന്ന് അന്നുതന്നെ അധികൃതർ പിന്മാറിയിരുന്നു.
സമയപ്പട്ടിക മാറ്റുന്ന കാര്യത്തിൽ പ്രതീക്ഷവേണ്ടെന്നാണ് റെയിൽവേ നിലപാട്. അതേസമയം, ട്രെയിനുകൾ വഴിയിൽ പിടിച്ചിടുന്നത് കൂടിവരുകയാണെന്ന് യാത്രക്കാർ പറയുന്നു. ബംഗളൂരു-കൊച്ചുവേളി എക്സ്പ്രസ് (16315) എറണാകുളം വരെ കൃത്യമായി ഒാടും. ആലപ്പുഴ-ധൻബാദ് എക്സ്പ്രസിന് കടന്നുപോകാൻ മാരാരിക്കുളത്ത് ഇൗ ട്രെയിൻ പിടിച്ചിടും. ധൻബാദ് എക്സ്പ്രസ് യാത്ര തുടങ്ങാൻ വൈകിയാൽ കൊച്ചുവേളി എക്സ്പ്രസിലെ യാത്രക്കാർക്ക് മാരാരിക്കുളത്ത് കിടക്കേണ്ടിവരും.
ജയന്തിജനതക്ക് തിരുവനന്തപുരത്തെത്താൻ ഇൻറർസിറ്റിയും വഞ്ചിനാടും പലയിടങ്ങളിൽ പിടിച്ചിടുകയാണ്. ഇൻറർസിറ്റി രാവിലെ 8.25നും വഞ്ചിനാട് 8.35നും ജയന്തിജനത 8.50 നുമാണ് കൊല്ലത്തെത്തുന്നത്. എന്നാൽ, തിരുവനന്തപുരത്ത് ജയന്തിജനത 10.10ന് എത്തണമെന്നാണ് സമയച്ചട്ടം. ഇൻറർസിറ്റി 10.15നും വഞ്ചിനാട് 10.25നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.