അന്തർ സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ ടിക്കറ്റ് പണവുമായി കോൺഗ്രസ്; നിരസിച്ച് കലക്ടർമാർ
text_fieldsതിരുവനന്തപുരം: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വിവിധ കോൺഗ്രസ് ജില്ല കമ്മിറ്റികൾ നല്കിയ പണം കലക്ടർമാർ നിരസിച്ചു. തിരുവനന്തപുരത്ത് തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് ചാർജിനുള്ള 10 ലക്ഷം രൂപയുടെ ചെക്കുമായി കലക്ടറേറ്റിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍പോലും കൂട്ടാക്കാതെ കലക്ടര്‍ സ്ഥലംവിട്ടതായി ആരോപണം. മുൻകൂട്ടി അറിയിച്ചശേഷമാണ് നേതാക്കൾ തിരുവനന്തപുരം കലക്ടറെ കാണാൻ പോയതെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.
ഉച്ചക്ക് രണ്ടരയോടെയാണ് കെ.പി.സി.സി ജന. സെക്രട്ടറി കെ.പി. അനില്‍കുമാര്‍, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ കലക്ടറേറ്റിലെത്തിയത്. അര മണിക്കൂറിലേറെ കാത്തിരുന്നിട്ടും ഇവരെ കാണാന്‍ കൂട്ടാക്കാതെ മീറ്റിങ്ങിനാണെന്ന് പറഞ്ഞ് കലക്ടര്‍ പുറത്തുപോയി.
എറണാകുളത്ത് ഡി.സി.സി ഭാരവാഹികൾ 10 ലക്ഷവും ആലപ്പുഴയിൽ പത്തരലക്ഷവുമായാണ് കലക്ടർമാരെ സമീപിച്ചത്. എന്നാൽ, ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കൈപ്പറ്റാനേ സർക്കാർ നിർദേശമുള്ളൂവെന്നും മറ്റ് പണം സ്വീകരിക്കാൻ ഉത്തരവില്ലാത്തതിനാൽ വാങ്ങാൻ കഴിയില്ലെന്നുമാണ് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എം.എൽ.എ അടക്കമുള്ളവരോട് കലക്ടർ എസ്. സുഹാസ് വ്യക്തമാക്കിയത്.
ആലപ്പുഴയിലും കലക്ടർ പണം കൈപ്പറ്റിയില്ലെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു പറഞ്ഞു. തുക കലക്ടർ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഷാനിമോൾ ഉസ്മാൻ എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
കണ്ണൂരിൽ തൊഴിലാളികളുടെ യാത്രച്ചെലവിനായി ഡി.സി.സി നല്കിയ 10 ലക്ഷം രൂപ കലക്ടര്‍ നിരസിച്ചു. ചെക്ക് ഡി.സി.സി പ്രസിഡൻറ് സതീശന് പാച്ചേനി കലക്ടറേറ്റിലെത്തിയാണ് നല്‍കിയത്. എന്നാല്‍, ചെക്ക് സ്വീകരിക്കാന്‍ നിര്‍ദേശം കിട്ടാത്ത സാഹചര്യത്തില്‍ താല്‍ക്കാലികമായി നിരസിക്കുന്നുവെന്ന മറുപടിയാണ് കലക്ടര്‍ നല്‍കിയത്.
കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റി നൽകിയ പത്ത് ലക്ഷം രൂപയുടെ ചെക്ക് ജില്ല കലക്ടർ നിരസിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ.ടി. സിദ്ദീഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ.സുബ്രഹ്മണ്യൻ, അഡ്വ. കെ. പ്രവീൺ കുമാർ, അഡ്വ. പി.എം. നിയാസ് എന്നീ നേതാക്കളാണ് കലക്ടറേറ്റ് ചേംബറിൽ വെച്ച് ജില്ല കലക്ടർ എസ്. സാംബശിവറാവുവിന് ചെക്ക് കൈമാറിയത്. ഏറ്റുവാങ്ങി അൽപസമയം കഴിഞ്ഞപ്പോൾ നേതാക്കളെ കലക്ടർ വിളിച്ച് ചെക്ക് തിരിച്ചേൽപിക്കുകയായിരുന്നെന്ന് ടി.സിദ്ദീഖ് പറഞ്ഞു. താൻ നിസ്സഹായനാണെന്നും തെറ്റിദ്ധരിക്കരുതെന്നും കലക്ടർ പറഞ്ഞതായി നേതാക്കൾ അറിയിച്ചു. തുടർന്ന് നേതാക്കൾ സാമൂഹിക അകലം പാലിച്ച് കലക്ടറേറ്റിന് മുന്നിൽ പ്രതീകാത്മകമായി സത്യഗ്രഹം നടത്തി.
ഇത്തരം ഘട്ടങ്ങളിൽ സഹായവുമായി വരുന്നവരെ സ്വീകരിക്കാനും സഹകരിപ്പിക്കാനുമാണ് സർക്കാർ തയാറാവേണ്ടതെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.