ട്രെയിന്‍ സമയം: സ്വകാര്യ ആപ്പുകൾ മാത്രം ആശ്രയിക്കരുതെന്ന് റെയില്‍വേ
text_fieldsകൊച്ചി: ട്രെയിന്‍ സമയം അറിയാൻ സ്വകാര്യ ആപ് മാത്രം ആശ്രയിക്കരുതെന്ന് റെയില്‍വേ. തങ്ങളുടെ ഔദ്യോഗിക ആപ്ലിക്കേഷനായ എന്‍.ടി.ഇ.എസിൽ (നാഷനല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം) മാത്രമേ ശരിയായ വിവരം അറിയൂ എന്ന് റെയില്‍വേ പറയുന്നു.
നവംബര്‍ ഒന്നിന് നിലവില്‍വന്ന കൊങ്കണ്‍ സമയമാറ്റം അടക്കം പല പരിഷ്കാരങ്ങളും സ്വകാര്യ ആപ്ലിക്കേഷനുകൾ അറിയാതെപോയത് യാത്രക്കാരെ വലച്ചതാണ് റെയിൽവേ ഇത്തരമൊരു വിശദീകരണവുമായി രംഗത്തുവരാൻ കാരണം. സമയമാറ്റം അറിയാതെ ട്രെയിന്‍ കയറാനെത്തിയവർ പരാതിയുമായി സമീപിച്ചതോടെയാണ് റെയില്‍വേയുടെ വിശദീകരണം.
ഒക്ടോബർ ആദ്യവും ഇത്തരത്തിൽ ട്രെയിൻ സമയം മാറ്റിയത് സ്വകാര്യ ആപ്പുകൾ അറിഞ്ഞത് ഏറെ വൈകിയാണ്. എന്‍.ടി.ഇ.എസ് മാത്രമാണ് റെയില്‍വേ ആപ്ലിക്കേഷനെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്.
സമയം കൃത്യമായി അറിയാന്‍ തീവണ്ടികളുടെ എന്‍ജിന് മുകളില്‍ ആര്‍.ടി.ഐ.എസ് (റിയല്‍ ടൈം ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സംവിധാനമുണ്ട്. ഇതാണ് എന്‍.ടി.ഇ.എസ് പിന്തുടരുന്നത്. അതേസമയം, ജി.പി.എസിനെ ആശ്രയിച്ചാണ് സ്വകാര്യ ആപ്പുകളുടെ പ്രവര്‍ത്തനം.
ട്രെയിന്‍ സമയത്തില്‍വരുന്ന മാറ്റങ്ങൾ പലപ്പോഴും സ്വകാര്യ ആപ്പുകളില്‍ വൈകിയാണ് അപ്‌ഡേറ്റ് ചെയ്യാറ്. അതേസമയം, വേഗത്തിൽ കാര്യങ്ങളറിയാമെന്നതാണ് സ്വകാര്യ ആപ്ലിക്കേഷനുകൾ ആശ്രയിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. എന്‍.ടി.ഇ.എസ് പലപ്പോഴും ഹാങ്ങാവുകയും ചെയ്യും.
കൊങ്കണ്‍ വഴി പോകുന്ന ട്രെയിനുകളുടെ മണ്‍സൂണ്‍ അല്ലാത്ത സമയത്തെ സമയമാറ്റം നവംബര്‍ ഒന്നുമുതലാണ് നിലവില്‍വന്നത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ 31വരെയാണ് കൊങ്കണില്‍ മണ്‍സൂണ്‍ സമയക്രമമുള്ളത്. 25ലേറെ ട്രെയിനുകളെ ഈ സമയമാറ്റം ബാധിക്കുന്നുണ്ട്. എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്(12617) നേരത്തേ രാവിലെ 10.10ന് പുറപ്പെട്ടിരുന്നത് നവംബര്‍ ഒന്ന് മുതല്‍ ഉച്ചക്ക് 1.25നാണ് പുറപ്പെടുന്നത്.
നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്‌സ്പ്രസ് (12618) രണ്ട് മണിക്കൂര്‍ നേരത്തെയാക്കി. 10.30ന് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ എറണാകുളത്ത് രാവിലെ 7.30ന് എത്തിച്ചേരും. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്(16345) തിരുവനന്തപുരത്ത് വൈകീട്ട് 06.05നാണ് എത്തിച്ചേരുക. എറണാകുളം-പട്‌ന(22643) വൈകീട്ട് 05.20ന് പുറപ്പെടും. വേണാട് എക്‌സ്പ്രസ്, പാലക്കാട്- തിരുനൽവേലി പാലരുവി എക്‌സ്പ്രസ് എന്നിവ ഒക്ടോബറിൽ സമയം പുനഃക്രമീകരിച്ചത് രണ്ടാഴ്ച കഴിഞ്ഞാണ് സ്വകാര്യ ആപ്പുകൾ അപ്‌ഡേറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.