ട്രെയിൻ യാത്ര പ്രശ്നങ്ങൾക്ക് വേണം പരിഹാരം
text_fieldsപുതുനഗരം: പാലക്കാട്- തിരിച്ചെന്തൂർ പാസഞ്ചർ പാലക്കാട്ടുനിന്ന് എടുത്തു മാറ്റരുതെന്ന് ആവശ്യപ്പെട്ട് വിവിധ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനുകൾ പാലക്കാട് ഡി.ആർ.എമിനെ സന്ദർശിച്ചു. പാലക്കാട്- പൊള്ളാച്ചി ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ, ആനമല ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ, പൊള്ളാച്ചി ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ എന്നിവ സംയുക്തമായിട്ടാണ് പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർ ത്രിലോക് കോത്താരിയുമായി ചർച്ച നടത്തിയത്.
വൈദ്യുതീകരണം പൂർണമായും സജ്ജമായ പാലക്കാട്- പൊള്ളാച്ചി റൂട്ടിൽ സർവിസ് പുനരാരംഭിക്കണം, മംഗലാപുരം- രാമേശ്വരം, എറണാകുളം- രാമേശ്വരം എക്സ് പ്രസ് ആഴ്ചയിൽ മൂന്ന് തവണയും പാലക്കാട്- പൊള്ളാച്ചി റൂട്ടിൽ 6.30-7.30 ഇടയിൽ പാസഞ്ചർ ട്രെയിൻ അനുവദിക്കണമെന്ന് പൊള്ളാച്ചി ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
പാലക്കാട്- ദിണ്ഡിഗൽ- ട്രിച്ചി, പാലക്കാട്- രാമേശ്വരം, ഗുരുവായൂർ -പഴനി എന്നീ ട്രെയിനുകൾ തീർഥാടകർക്ക് ഗുണകരമാകുമെന്നതിനാൽ കൂടുതൽ സർവിസുകൾ നടത്തണമെന്ന് ആനമല ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
ആനമല റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് ബുക്കിങ് സൗകര്യം ആദ്യം ഏർപ്പെടുത്തണമെന്ന് സുബ്ബയ്യ കൗണ്ടർ പൊതുപഞ്ചായത്ത് പ്രസിഡന്‍റ് മോഹൻരാജ് ആവശ്യപ്പെട്ടു.
എറണാകുളം- പാലക്കാട് മെമു പഴനിവരെ ദീർഘിപ്പിക്കണമെന്നും പാലക്കാട്- ദിണ്ഡിഗൽ പാസഞ്ചർ ജോലി സമയങ്ങളിൽ രാവിലെയും വൈകീട്ടും സർവിസ് ആരംഭിക്കണമെന്നും പാലക്കാട്- പൊള്ളാച്ചി ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഡി.ആർ.എമ്മിനോട് ആവശ്യപ്പെട്ടു.
ചെന്നൈ എക്സ്പ്രസിന് കൊല്ലങ്കോട്ട് സ്റ്റോപ്പ് പരിഗണനയിൽ
കൊല്ലങ്കോട്: ചെന്നൈ എക്സ്പ്രസിന് കൊല്ലങ്കോട്ടിൽ സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് പാലക്കാട് ഡി.ആർ.എം ത്രിലോക് കോത്താരി പറഞ്ഞു. കൊല്ലങ്കോട് സ്റ്റേഷനിൽ ചെന്നൈ-പാലക്കാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാത്തതിനാൽ നെന്മാറ, ചിറ്റൂർ നിയോജക മണ്ഡലത്തിലെ യാത്രക്കാർ ദുരിതത്തിലാണ്. നിലവിൽ തിരിച്ചെന്തൂർ പാസഞ്ചറും അമൃത എക്സ്പ്രസിനും മാത്രമാണ് കൊല്ലങ്കോട്ട് സ്റ്റോപ്പുള്ളത്. ഭാരവാഹികളായ മുരുകൻ ഏറനാട്ടിൽ, ടി.വി. ഷണ്മുഖൻ, സാദിഖ് എന്നിവർ സംസാരിച്ചു.
തിരുച്ചെന്തൂർ ട്രെയിൻ: തമിഴ്നാടിന്‍റെ ശക്തമായ ഇടപെടലെന്ന്
തിരുച്ചെന്തൂർ ട്രെയിൻ പാലക്കാട്ടുനിന്നും കോയമ്പത്തൂർ മേട്ടുപാളയത്തിലേക്ക് മാറ്റാൻ തമിഴ്നാട് എം.പി.മാർ തലത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നതായും ട്രെയിൻ നിലനിർത്താനായി പാലക്കാട്ടെ ജനപ്രതിനിധികൾ ഇടപെട്ടിട്ടില്ലെന്നും റെയിൽവേ അധികൃതർ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ എണ്ണത്തിലെ വർധനവും ഉപയോഗങ്ങൾക്ക് അനുസൃതമായിട്ടാണ് ട്രെയിനുകൾ നിർത്തുന്നതെന്ന് ഡി.ആർ.എം ത്രിലോക് കോത്താരി പറഞ്ഞു.
എന്നാൽ ജനങ്ങൾക്ക് ഉപകാരമാകുന്ന സമയങ്ങളിൽ ട്രെയിൻ സർവിസ് തുടങ്ങാൻ റെയിൽവേ തയാറായാൽ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പാലക്കാട്-പൊള്ളാച്ചി ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് മുരുകൻ ഏറാട്ടിൽ, സെക്രട്ടറി എ. സാദിഖ്, പി.വി. ഷൺമുഖൻ, ആനമല ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് ആർ. മുരുകൻ, സെക്രട്ടറി എസ്. പ്രസാദ്, എസ്. വിജയ് വിശ്വനാഥ്, സുബേയ കൗണ്ടർ, പുതൂർ പഞ്ചായത്ത് പ്രസിഡന്‍റ് എം. മോഹൻരാജ്, പൊള്ളാച്ചി ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് എസ്. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്‍റ് സി.പി. നല്ലസ്വാമി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.