ട്രെയിൻ യാത്രാദുരിതം: നിയമവഴി തേടി യാത്രക്കാർ; രണ്ട് ജില്ലകളിൽ കേസ്
text_fieldsകണ്ണൂർ: വർധിച്ചുവരുന്ന ട്രെയിൻയാത്രാ ദുരിതം പരിഹരിക്കുന്നതിലെ നിയമസാധ്യതകൾ തേടി യാത്രക്കാർ. ജനപ്രതിനിധികൾക്കും റെയിൽവേ അധികൃതർക്കും നിവേദനം നൽകി മടുത്താണ് പാസഞ്ചേഴ്സ് അസോസിയേഷന്റെ പേരിൽ നിയമവഴി തേടുന്നത്. അസോസിയേഷന്റെ പരാതിയിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ലീഗൽ സർവിസ് അതോറിറ്റികൾ കേസ് രജിസ്റ്റർ ചെയ്തു. ട്രെയിൻയാത്രയുമായി ബന്ധപ്പെട്ട് ഇത്തരമൊരു പരാതി ലഭിക്കുന്നത് അപൂർവമാണെന്ന് ലീഗൽ സർവിസസ് അതോറിറ്റി അധികൃതർ പറഞ്ഞു. അടുത്തദിവസം മലബാറിലെ ഇതര ജില്ലകളിലെ ലീഗൽ സർവിസ് അതോറിറ്റികൾക്കു മുന്നിലും പരാതി നൽകുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ അറിയിച്ചു.
ലീഗൽ സർവിസ് അതോറിറ്റിക്ക് ലഭിക്കുന്ന പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുകയാണ് ആദ്യ നടപടി. ശേഷം ഇരുകക്ഷികളെയും വിളിച്ചുവരുത്തി വിഷയം രമ്യമായി പരിഹരിക്കാൻ ശ്രമിക്കും. ഇങ്ങനെ പരിഹരിച്ച് ലീഗൽ സർവിസ് അതോറിറ്റി ഇറക്കുന്ന ഉത്തരവിന് നിയമപ്രാബല്യമുണ്ട്. വിഷയത്തിൽ അനുകൂല തീരുമാനമായില്ലെങ്കിൽ വ്യക്തികൾക്ക് കോടതിയെ സമീപിക്കാനുള്ള നിയമസഹായവും അതോറിറ്റി നൽകും.
രാവിലെയും വൈകീട്ടുമുള്ള പരശുറാം എക്സ്പ്രസിലെ തിരക്ക് കുറക്കാനും വടക്കേ മലബാറിലെ ഹ്രസ്വദൂര യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള പരാതിയിലാണ് കണ്ണൂർ താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തത്. കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് പ്രസിഡന്റ് ആർ. പ്രശാന്ത്കുമാർ, കണ്ണൂർ നഗരസഭ മുൻ അംഗം ആർ. രഞ്ജിത്ത് എന്നിവരാണ് ഹരജിക്കാർ. ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജർ, പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ എന്നിവരെ എതിർകക്ഷികളാക്കി ആർ. പ്രശാന്ത് കുമാർ, നിസാർ പെർവാർഡ്, സി.എ. മുഹമ്മദ് നാസർ എന്നിവർ സമർപ്പിച്ച പരാതിയിലാണ് കാസർകോട് ജില്ല ലീഗൽ സർവിസ് അതോറിറ്റി കേസ് രജിസ്റ്റർ ചെയ്തത്.
കോഴിക്കോടിനും മംഗളൂരുവിനുമിടയിൽ പുതിയ മെമു റാക്ക് അനുവദിക്കുക, രാവിലെ സർവിസ് നടത്തുന്ന മംഗലാപുരം- കോഴിക്കോട് പാസഞ്ചർ ഒമ്പതരക്ക് കോഴിക്കോട് എത്തുന്നവിധത്തിൽ സമയം പുനഃക്രമീകരിക്കുക, 16650 പരശുറാം എക്സ്പ്രസ് കോഴിക്കോട് ഒരു മണിക്കൂർ പിടിച്ചിടാതെ വൈകീട്ട് 4.05ന് വിടുക തുടങ്ങി ഒട്ടേറെ നിർദേശങ്ങളും അസോസിയേഷൻ മുന്നോട്ടുവെക്കുന്നുണ്ട്. ഹരജിക്കാർക്കും എതിർകക്ഷികൾക്കും ഇടയിൽ മധ്യസ്ഥനായി ലീഗൽ സർവിസ് അതോറിറ്റി പ്രവർത്തിക്കുമ്പോൾ റെയിൽവേ അധികൃതർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.