പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം: ഫയർഫോഴ്സ് മേധാവി വിശദീകരണം തേടി, അസ്വാഭാവികതയില്ലെന്ന് ഉദ്യോഗസ്ഥർ
text_fieldsതിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ എറണാകുളം ജില്ല ഓഫിസറോടും റീജനൽ ഓഫിസറോടും ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ വിശദീകരണം തേടി. സംഭവത്തില്‍ ഫയര്‍ഫോഴ്സ് അന്വേഷണം ആരംഭിച്ചിരുന്നു.
പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആലുവയിൽ പോപ്പുലർ ഫ്രണ്ട് പുതുതായി രൂപംനൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു സംഭവം.
അപകടത്തില്‍നിന്ന് ഒരാളെ രക്ഷിക്കാനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിൽ ഉദ്ഘാടനവേദിയില്‍വെച്ച് നൽകിയ പരിശീലനമാണ് വിവാദമായത്. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണിതെന്നും ആരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. അതിന്‍റെകൂടി അടിസ്ഥാനത്തിലാണ് ഫയർഫോഴ്സ് മേധാവി അന്വേഷിക്കാൻ ഉത്തരവിട്ടത്.
പരിശീലനം നല്‍കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ പരിപാടിയിൽ പങ്കെടുത്ത മൂന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വിശദീകരണം ലഭിച്ചശേഷമാകും തുടർനടപടികള്‍.
എന്നാൽ, സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. സന്നദ്ധ സംഘടനകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍, എൻ.ജി.ഒകള്‍ എന്നിവക്ക് പരിശീലനം നല്‍കാറുണ്ട്. അത്തരത്തിലുള്ള പരിശീലനം മാത്രമാണ് നല്‍കിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കരുതെന്ന് ചട്ടത്തിൽ പറയുന്നില്ലെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.