കോഴിക്കോട് കലക്ടര്‍ക്കും ദേവികുളം സബ് കലക്ടര്‍ക്കും സ്ഥാനചലനം
text_fieldsതിരുവനന്തപുരം: കോഴിക്കോട് കലക്ടര്‍ യു.വി ജോസിനെയും ദേവികുളം സബ് കലക്ടര്‍ വി.ആര്‍ പ്രേം കുമാറിനെയും മാറ്റി. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
ഐ.ടി. മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവുവിനെ കോഴിക്കോട് കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. യു.വി. ജോസിനെ ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണറായി മാറ്റി നിയമിക്കും. കലക്ടര്‍ സ്ഥാനത്ത് രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ജോസിനെ മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
ദേവികുളം സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാറിനെ ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുളള എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുളള അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആയി നിയമിക്കാന്‍ തീരുമാനിച്ചു. ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 20 (2) പ്രകാരമാണ് ഈ നിയമനം. തൃശ്ശൂര്‍ സബ് കലക്ടര്‍ രേണു രാജിനെ ദേവികുളം സബ് കലക്ടറായി മാറ്റി നിയമിക്കാനും തീരുമാനിച്ചു.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചുവന്ന ആനന്ദസിംഗിനെ കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടറായി നിയമിച്ചു. ഫുഡ് സേഫ്റ്റി കമ്മീഷണര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നീ അധിക ചുമതലകള്‍ അദ്ദേഹം വഹിക്കും.
അവധി കഴിഞ്ഞ് തിരിച്ചുവന്ന അഫ്സാന പര്‍വീണിനെ ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഭവനനിര്‍മാണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സി.പി.എം.യു. ഡയറക്ടര്‍ എന്നീ അധിക ചുമതലകള്‍ അഫ്സാന വഹിക്കും.
തലശ്ശേരി സബ് കലക്ടര്‍ എസ്. ചന്ദ്രശേഖറിനെ എംപ്ലോയ്മെന്‍റ് ആന്‍റ് ട്രെയ്നിംഗ് ഡയറക്ടറായി മാറ്റി. കേരള അക്കാദമി ഫോര്‍ സ്കില്‍ ആന്‍റ് എക്സലന്‍സ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.
കൊല്ലം സബ് കലക്ടര്‍ എസ്. ചിത്രയെ കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചു. ഐ.കെ.എം. ഡയറക്ടര്‍, ഇ-നിയമസഭ നോഡല്‍ ഓഫീസര്‍ എന്നീ അധിക ചുമതലകള്‍ അവര്‍ വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.