തന്‍റെ സ്ഥാനമാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എ.ഡി.ജി.പി ശ്രീജിത്ത്
text_fieldsതിരുവനന്തപുരം: തന്‍റെ സ്ഥാനമാറ്റം നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണത്തെ ബാധിക്കില്ലെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി സ്ഥാനത്തുനിന്ന് ട്രാൻസ്പോർട്ട് കമീഷണറായി ചുമതലയേറ്റ എസ്. ശ്രീജിത്ത് പറഞ്ഞു. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നുള്ള തന്‍റെ മാറ്റം അന്വേഷണത്തെ യാതൊരുതരത്തിലും ബാധിക്കില്ല. അത്തരം വാദങ്ങൾ ഉയർത്തി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നും ട്രാൻസ്പോർട്ട് കമീഷണറായി ചുമതലയേറ്റശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
താനിപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ഉത്തരവാദിത്തപ്പെട്ട ജോലിയാണ്. തന്‍റെ സ്ഥാനചലനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചതും അന്വേഷണ സംഘത്തെ തീരുമാനിച്ചതും സർക്കാറാണ്. തന്‍റെ മാറ്റത്തിന് പിന്നിൽ ബാഹ്യപ്രേരണ ഉണ്ടോയെന്ന സംശയം ബലിശമാണ്. ബാഹ്യപ്രേരണ ഉണ്ടായിരുന്നെങ്കിൽ ഇത്രത്തോളം അന്വേഷണം നടക്കുമായിരുന്നോ. താൻ അന്വേഷണത്തിന്‍റെ മുഖം മാത്രമായിരുന്നു. ഒരാൾ മാറിയെന്നുവെച്ച് അന്വേഷണത്തിന് ഒന്നും സംഭവിക്കില്ല.
പൊലീസിൽ ആരും ഒറ്റക്ക് പണിയെടുക്കുന്നില്ല. കേസന്വേഷണം കൂട്ടമായി നടത്തുന്നതും തുടർച്ചയായ കാര്യവുമാണ്. നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണസംഘത്തിന് ഒരു മാറ്റവുമില്ല. തന്നെക്കാൾ മിടുക്കനാണ് നിലവിലെ മേധാവി. താൻ മാത്രമായി ഒന്നും ചെയ്തിട്ടില്ല.
ദിലീപിന്റെ അഭിഭാഷകരുടെ പരാതിയുമായി ബന്ധപ്പെട്ടാണോ സ്ഥാനചലനമെന്ന ചോദ്യത്തിന് പ്രതികൾക്ക് അവരുടേതായ അവകാശങ്ങൾ ഉണ്ടെന്നായിരുന്നു ശ്രീജിത്തിന്‍റെ മറുപടി. അന്വേഷണ സംഘത്തിനെതിരെ പ്രതിഭാഗം ആരോപണം ഉന്നയിക്കുന്നത് സ്വാഭാവികമാണ്. പല കേസുകളിലും അതുണ്ടായിട്ടുണ്ട്.
ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുക മാത്രമാണ് അന്വേഷണ സംഘത്തിന്‍റെ ദൗത്യം. ദിലീപിന്‍റെ അഭിഭാഷകർ മുമ്പും തനിക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്. അതുമായി തന്‍റെ മാറ്റത്തിന് ഒരു ബന്ധവുമില്ല. മികച്ച വകുപ്പാണ് തനിക്കിപ്പോൾ കിട്ടിയിട്ടുള്ളത്. കാര്യങ്ങൾ പഠിച്ചശേഷം വകുപ്പ് സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.