ജോലിഭാരമില്ല; 46 ഹയർസെക്കൻഡറി മലയാളം അധ്യാപകർക്ക് സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറികളിൽ ആഴ്ചയിൽ ഏഴ് പീരിയഡിൽ കുറവ് ജോലിയുള്ള 46 മലയാളം അധ്യാപകരെ സ്ഥലം മാറ്റി സർക്കാർ ഉത്തരവ്. ഹയർസെക്കൻഡറികളിൽ അധിക പീരിയഡിന് അധിക തസ്തിക സൃഷ്ടിക്കാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയുള്ള 2017 ജൂൺ എട്ടിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരെ ജോലി ഭാരമുള്ള മറ്റ് സ്കൂളുകളിലേക്ക് മാറ്റി ഉത്തരവിറക്കിയത്.
ഹയർസെക്കൻഡറി വിശേഷാൽ ചട്ടപ്രകാരം ആഴ്ചയിൽ ഒന്നു മുതൽ 14 വരെ പീരിയഡ് ക്ലാസെടുക്കുന്നവരെ ഹയർസെക്കൻഡറി ജൂനിയർ അധ്യാപകരായും 24 പീരിയഡ് ക്ലാസെടുക്കുന്നവരെ ഹയർസെക്കൻഡറി അധ്യാപകരായുമായാണ് പരിഗണിക്കുന്നത്. ഈ അധ്യാപകർക്ക് നിശ്ചയിച്ച പരമാവധി പീരിയഡുകൾക്ക് പുറമെ, അധികമായി വരുന്ന മൂന്ന് പീരിയഡുകൾക്ക് ഒരു ജൂനിയർ തസ്തികയും സൃഷ്ടിച്ചിരുന്നു.
2017ലെ ഉത്തരവിലൂടെ അധികമുള്ള ഒന്നു മുതൽ ആറു വരെ പീരിയഡുകൾക്ക് ഗെസ്റ്റ് അധ്യാപകരെ നിയമിക്കാമെന്നും ഏഴോ അധിലധികമോ പീരിയഡുകൾക്ക് മുകളിൽ ഒരു ജൂനിയർ അധ്യാപക തസ്തിക സൃഷ്ടിക്കാമെന്നും വ്യവസ്ഥ ഭേദഗതി വരുത്തിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലിഭാരമില്ലാത്ത അധ്യാപകരുടെ വിവരം സംബന്ധിച്ച് ഹയർസെക്കൻഡറി അക്കാദമിക് ജോയന്റ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് 46 അധ്യാപകരെ സ്ഥലംമാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
ആറ് പീരിയഡുള്ള അധ്യാപകരെ ഉൾപ്പെടെ സ്ഥലംമാറ്റിയിട്ടുണ്ട്. ഈ സ്കൂളുകളിൽ ഇനി ഗെസ്റ്റ് അധ്യാപകരെ നിയമിക്കേണ്ടിവരും. നേരത്തേ സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ പുറത്താക്കുകയും പ്രതിഷേധം ഉയർന്നതോടെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് പുനർനിയമനം നൽകുകയും ചെയ്തിരുന്നു.
അതേസമയം, അധ്യാപകരെ സ്ഥലംമാറ്റിയും പിരിച്ചുവിട്ടും പൊതുവിദ്യാഭ്യാസ മേഖലയെ അസ്ഥിരപ്പെടുത്തുന്ന നടപടിക്ക് നീതീകരണമില്ലെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൽ ജലീൽ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സാമ്പത്തിക ലാഭത്തിനായി താൽക്കാലിക നിയമനങ്ങൾ നടത്തി വിദ്യാഭ്യാസ മേഖലയിൽനിന്ന് പിൻവാങ്ങുന്ന കേന്ദ്രസർക്കാറിന്റെ നയങ്ങൾ തന്നെയാണ് കേരളത്തിൽ ഇടതുസർക്കാർ നടപ്പാക്കുന്നതെന്നും ജോലിഭാരത്തിൽ മാറ്റം വരുത്തി അധ്യാപകരെ സ്ഥലംമാറ്റിയ നടപടി പിൻവലിക്കണമെന്നും എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.