ഹെഡ്മാസ്റ്റർ, എ.ഇ.ഒമാരുടെ സ്ഥലം മാറ്റം സീനിയോറിറ്റി അട്ടിമറിച്ച് നിയമനത്തിന് സർക്കുലർ
text_fieldsവടകര: ഹെഡ്മാസ്റ്റർ, എ.ഇ.ഒ സമാന തസ്തികകളിലെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷയിൽ സീനിയോറിറ്റി അയോഗ്യതയാക്കി വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. ഏപ്രിൽ ഒന്നിനു മുമ്പ് സ്ഥാനക്കയറ്റം നേടിയവർ സ്ഥലം മാറ്റത്തിന് അപേക്ഷിക്കണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഡിസംബർ അഞ്ചിനാണ് (നം. ഡി 5/1/2022 ഡി.ജി.ഇ) വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയത്. സാധാരണയായി സീനിയോറിറ്റിയാണ് തസ്തികകളിലെ സ്ഥലംമാറ്റത്തിന് അടിസ്ഥാന മാനദണ്ഡമായി പരിഗണിക്കുന്നത് എന്നിരിക്കെ ഇത് അട്ടിമറിക്കുന്നതാണ് സർക്കുലർ.
വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം സ്ഥലംമാറ്റം പരിമിതപ്പെടുത്തിയതിനാൽ ചുരുക്കം പേർക്കാണ് അപേക്ഷിക്കാൻ കഴിയുകയുള്ളു. ഇത് സ്വന്തക്കാരെ തിരുകിക്കയറ്റാനാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഏപ്രിലിന് മുമ്പ് സ്ഥാനക്കയറ്റം ലഭിച്ച സീനിയർ അധ്യാപകരിൽ ഭൂരിഭാഗത്തിനും ഇതര ജില്ലകളിലാണ് നിയമനം ലഭിച്ചത്. നിലവിലെ സർക്കുലർ പ്രകാരം ഇവർക്ക് അപേക്ഷിക്കാനാകില്ല. സീനിയോറിറ്റി, മെഡിക്കൽ, എസ്.സി/എസ്.ടി എന്നിങ്ങനെയുള്ള നിയമപരമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്ഥലംമാറ്റം നടപ്പിലാക്കേണ്ടത്. അടുത്ത കാലത്തായി നിയമനം ലഭിച്ച ചില സംഘടനാ നേതാക്കളെയും രാഷ്ട്രീയ സ്വാധീനമുള്ളവരെയും തങ്ങൾക്ക് ഇഷ്ടമുള്ള സ്കൂളുകളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് മാനണ്ഡങ്ങൾ അട്ടിമറിക്കുന്ന സർക്കുലർ ഇറക്കിയതെന്ന ആക്ഷേപം ശക്തമാണ്. സർക്കുലറിനെതിരെ ആരെങ്കിലും നിയമനടപടികളിലേക്ക് നീങ്ങിയാൽ നിയമനങ്ങൾ തടസ്സപ്പെടുകയും സർക്കാർ ഹൈസ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.