സി.കെ. ആശ എം.എൽ.എയോട് അപമര്യാദയായി പെരുമാറിയ വൈക്കം എസ്.എച്ച്.ഒക്ക് സ്ഥലംമാറ്റം
text_fieldsകോട്ടയം: സി.കെ. ആശ എം.എൽ.എയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി ഉയർന്ന വൈക്കം സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ജെ. തോമസിനെ സ്ഥലംമാറ്റി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത സി.പി.ഐ നേതാക്കളെ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മർദിച്ചതായും സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ വൈക്കം എം.എൽ.എ സി.കെ. ആശയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.
സംഭവത്തിന് പിന്നാലെ സി.കെ. ആശ നിയമസഭ സ്പീക്കർക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായി ഡി.ജി.പിയുടെ നിർദേശപ്രകാരം കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സാജു വർഗീസിനെ അന്വേഷണത്തിനായി ജില്ല പൊലീസ് മേധാവി നിയോഗിച്ചു.
സംഭവത്തിൽ സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറി അഡ്വ. വി.ബി. ബിനുവും ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി. വൈക്കം സ്റ്റേഷനിൽ എസ്.എച്ച്.ഒയെ തുടരാൻ അനുവദിക്കില്ലെന്ന് സി.കെ. ആശ മാർച്ചിനിടെ പ്രഖ്യാപിച്ചിരുന്നു.
കെ.ജെ. തോമസിനെ ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് മാറ്റിയാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. എസ്. സുകേഷാണ് വൈക്കത്തെ പുതിയ എസ്.എച്ച്.ഒ. ഈരാറ്റുപേട്ടയിൽ നിന്ന് പി.എസ്. സുബ്രഹ്മണ്യനെ ആലപ്പുഴ പൂച്ചാക്കൽ സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.