പൊലീസ് ആസ്ഥാനത്തെ ‘സുഖവാസ’ത്തിന് പൂട്ടുവീഴുന്നു
text_fieldsതിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഒരു ഉത്തരവും രേഖയുമില്ലാതെ വർഷങ്ങളായി ജോലിചെയ്തിരുന്ന 38 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഇതുസംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങി. ഡി.ജി.പി ഓഫിസ്, ഐ.ജി ഹെഡ്ക്വാർട്ടേഴ്സ്, എ.ഐ.ജി-2 എന്നിവിടങ്ങളിലടക്കം വിവിധ സെക്ഷനുകളിലുള്ളവരെയാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശപ്രകാരം എ.ഡി.ജി.പി ടോമിൻ തച്ചങ്കരി മാറ്റിയത്. പൊലീസ് ആസ്ഥാനത്തെ ഡ്യൂട്ടി ഓഫിസർ സതീഷ്ചന്ദ്രൻ നായരെയും സ്ഥലംമാറ്റി.
ഡി.ജി.പിയുടെ ഉത്തരവ് ലംഘിച്ച് ടെലികമ്യൂണിക്കേഷനിൽ ജോലിചെയ്തിരുന്ന എസ്.ഐയെ മാതൃയൂനിറ്റിലേക്ക് മടക്കിയയച്ചു. പൊലീസ് ആസ്ഥാനത്തെ ‘സുഖവാസം’ സംബന്ധിച്ച് ‘മാധ്യമം’ വാർത്തനൽകിയ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയും കുറ്റാന്വേഷണവും കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായാണ് മൂന്നുവർഷത്തിൽ കൂടുതൽ ഒരേയിടത്ത് ‘ജോലി’ ചെയ്യുന്നവരെ മടക്കിയയക്കാൻ ആഭ്യന്തരവകുപ്പ് ഡി.ജി.പിക്ക് നിർദേശം നൽകിയത്. അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ വർക്കിങ് അറേഞ്ച്മെൻറ്, ഡെപ്യൂട്ടേഷൻ, അറ്റാച്ച്മെൻറ് വ്യവസ്ഥയിൽ ജോലിചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുമ്പ് വിജിലൻസിൽനിന്ന് 36 വനിതകളെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലേക്ക് പറഞ്ഞയച്ചിരുന്നു. ഡെപ്യൂട്ടേഷൻ, വർക്കിങ് അറേഞ്ച്മെൻറ് എന്നിവയുടെ പേരുംപറഞ്ഞെത്തുന്ന പലരും പല ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും ‘വീട്ടുജോലി’ നോക്കുകയാണെന്ന് എ.ഡി.ജി.പി ടോമിൻ ജെ.തച്ചങ്കരിയും മുഖ്യമന്ത്രിയുടെ ഓഫിസിനെ ധരിപ്പിച്ചിരുന്നു. തച്ചങ്കരിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു നേരത്തേ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിെൻറ വിശ്വസ്തനായ ഗ്രേഡ് എ.എസ്.ഐ അനിൽകുമാറിനെ മാറ്റിയത്.
അതേസമയം, പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റത്തിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. നേരേത്ത 69പേരെ മാറ്റാനുള്ള പട്ടികയാണ് ഡി.ജി.പി പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പിക്ക് കൈമാറിയതെങ്കിലും പുറത്തുവന്ന പട്ടികയിൽ 38 പേരാണ്. 12 വർഷമായി പൊലീസ് ആസ്ഥാനത്ത് ജോലിചെയ്യുന്നവരെ ഒഴിവാക്കിയാണ് മൂന്നും അഞ്ചും വർഷം ജോലിചെയ്തിരുന്നവരെ സ്ഥലംമാറ്റിയതെന്നും ഇതിനുപിന്നിൽ മുതിർന്ന ഐ.പി.എസുകാരെൻറ ഇടപെടലുണ്ടെന്നും ഇവർ ആരോപിക്കുന്നു.
ഫോണെടുക്കാൻ എട്ട് പൊലീസുകാർ!
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് അനധികൃതമായി തുടരുന്നവരെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സ്ഥലംമാറ്റാനുള്ള നടപടി ആരംഭിച്ചെങ്കിലും ൈക്രംബ്രാഞ്ച് ആസ്ഥാനം, പൊലീസ് െട്രയ്നിങ് കോളജ്, റെയിൽേവ, ടെലികമ്യൂണിക്കേഷൻ, എസ്.എസ്.ബി, പൊലീസ് അക്കാദമി, വിജിലൻസ്, ജില്ല പൊലീസ് ഓഫിസുകൾ എന്നിവിടങ്ങളിൽ വർഷങ്ങളായി അനധികൃതമായി തുടരുന്നവരെ പറഞ്ഞുവിടാൻ ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.
പലപ്പോഴും സ്ഥലംമാറ്റ പട്ടികയുടെ കരട് തയാറാക്കുമെങ്കിലും രാഷ്ട്രീയ സ്വാധീനവും അസോസിയേഷൻ ഇടപെടലും കാരണം അവ മുങ്ങിപ്പോകാറാണ് പതിവ്. പൊലീസ് ആസ്ഥാനത്ത് പരാതിക്കാരുടെ ഫോണെടുക്കാൻ മാത്രം എട്ടു പൊലീസുകാരാണ് ഉള്ളത്. 18 പൊലീസുകാരാണ് ഹൈടെക് സെല്ലിൽ ഉള്ളത്. പക്ഷേ കമ്പ്യൂട്ടർ പണിമുടക്കുമ്പോൾ ശരിയാക്കാൻ പുറത്തുനിന്ന് ആളുവരണമെന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.