കോവിഡ് പോസിറ്റിവ് ഗർഭിണികളെ ചികിത്സിക്കാത്ത സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാൺ
text_fieldsപയ്യന്നൂർ: കോവിഡ് പോസിറ്റിവാകുന്ന ഗർഭിണികളെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്ന കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാൺ. ജില്ല കലക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
കണ്ണൂർ ജില്ലയിൽ 70 ശതമാനം പ്രസവവും നടക്കുന്നത് സ്വകാര്യ ആശുപത്രികളിലാണ്. എന്നാൽ, ഇവിടങ്ങളിൽ പ്രസവചികിത്സ തേടിയെത്തിയ ഗർഭിണികളുടെ പരിശോധനയിൽ കോവിഡ് പോസിറ്റിവ് കണ്ടെത്തിയാൽ സർക്കാർ ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്ന സ്ഥിതിയുണ്ട്. ഇതാണ് കലക്ടർ കർശനമായി തടഞ്ഞത്.
ജില്ല മെഡിക്കൽ ഓഫിസറുടെ കഴിഞ്ഞ ഏഴാം തീയതിയിലെ കത്ത് പരിഗണിച്ചാണ് നടപടി. സ്വകാര്യ ആശുപത്രികളിൽ ചികിത്സിച്ചുവരുന്ന ഗർഭിണികൾ കോവിഡ് പോസിറ്റിവ് ആകുമ്പോൾ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലേക്ക് അയക്കുകയാണ് പതിവ്. ഇത് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ചികിത്സ നൽകുന്നതിന് കണ്ണൂർ മെഡിക്കൽ കോളജിലും മറ്റ് സർക്കാർ ആശുപത്രികളിലുമുള്ള സൗകര്യം കുറയാനിടയാക്കുന്നു.
ഈ സാഹചര്യത്തിലാണ് ഇത് തടയാൻ തീരുമാനമായത്. കോവിഡ് രോഗവ്യാപനം പ്രതിദിനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാർ സ്വകാര്യ മേഖലകളുടെ സംയോജിച്ചുള്ള പ്രവർത്തനങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണെന്ന് ചൂണ്ടിക്കാട്ടിയ ഉത്തരവിൽ ഗർഭിണികളെ പറഞ്ഞു വിട്ടാൽ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.
ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന ഗർഭിണികളെ കോവിഡ് പോസിറ്റിവ് ആകുന്ന സാഹചര്യത്തിലും പ്രസ്തുത ആശുപത്രികളിൽ തന്നെ ചികിത്സിക്കേണ്ടതാണെന്നും ഒരു സാഹചര്യത്തിലും സർക്കാർ ആശുപത്രികളിലേക്ക് ശിപാർശ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കി.
ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ ദുരന്ത നിവാരണ നിയമം 2005 ലെ 51 മുതൽ 60 വരെ വകുപ്പുകൾ പ്രകാരവും കേരള എപ്പിഡമിക് ഡിസീസ് കൊറോണ വൈറസ് ഡിസീസ് (കോവിഡ് –19) റഗുലേഷൻസ് 2020 പ്രകാരവും നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തുതന്നെ കൂടുതൽ കോവിഡ് പോസിറ്റിവായ ഗർഭിണികൾ ചികിത്സ തേടിയെത്തുന്നത് കണ്ണൂർ ഗവ.മെഡിക്കൽ കോളജിലാണ്.
കഴിഞ്ഞ മാസം 30 വരെ 263 ഓളം രോഗികളാണ് പരിയാരത്തെത്തിയത്. ഇവരിൽ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന കേസുകളാണ്. ഇതിനാണ് സർക്കാർ തടയിട്ടത്.
ചികിത്സയിലെ റിസ്കും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയും കണക്കിലെടുത്താണ് സ്വകാര്യ ആശുപത്രി അധികൃതർ രോഗികളെ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.