മൂലമറ്റം സ്വിച്്യാർഡിലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു
text_fieldsമൂലമറ്റം സ്വിച്യാർഡിലെ പൊട്ടൻഷ്യൽ ട്രാൻസ്ഫോർമറിൽ ഉണ്ടായ തീപിടിത്തം
മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്ന് കളമശ്ശേരിയിലേക്ക് വൈദ്യുതി എത്തിക്കുന്ന 220 കെ.വി ലൈനിന്റെ പൊട്ടൻഷ്യൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച പുലർച്ചെ 1.10 ഓടെയാണ് പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്. അവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഫയർ എക്സ്റ്റിങ്ഗ്യുഷർ സംവിധാനം ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും വിജയിച്ചില്ല.
തുടർന്ന്, മൂലമറ്റം അഗ്നിശമനസംഘം എത്തിയാണ് തീയണച്ചത്. ഇതിനിടെ, ജീവനക്കാർക്ക് ശ്വാസതടസ്സവും അനുഭവപ്പെട്ടു. ഒരാൾ കുഴഞ്ഞുവീണു. കത്തിയത് മാറ്റിസ്ഥാപിക്കാനായി ഇടുക്കി തൊട്ടിയാർ വൈദ്യുതി നിലയത്തിലുണ്ടായിരുന്ന പൊട്ടൻഷ്ൽ ട്രാൻസ്ഫോർമർ നിലയത്തിലെത്തിച്ചിട്ടുണ്ട്. ഇത് മാറ്റിസ്ഥാപിക്കാൻ മൂന്നുദിവസമെടുക്കുമെന്ന് അധികൃതർ പറഞ്ഞു. മൂലമറ്റം നിലയത്തിൽനിന്ന് 220 കെ.വി ശേഷിയുള്ള രണ്ട് ലൈനാണ് കളമശ്ശേരിയിലേക്കുള്ളത്. ഇതിലൊന്നിലാണ് പൊട്ടിത്തെറി ഉണ്ടായത്.
പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ കളമശ്ശേരി വിതരണ ശൃംഖലയിൽ വോൾട്ടേജ് ക്ഷാമവും വൈദ്യുതി നിയന്ത്രണവും ഉണ്ടാകാൻ സാധ്യതയുള്ളതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്തിവന്നിരുന്നതാണ്. എന്നാൽ, കാലപ്പഴക്കം മൂലമാണ് പൊട്ടിത്തെറിയെന്നാണ് സൂചനയുണ്ട്. വൈദ്യുതി വോൾട്ടേജ് അളക്കുന്ന സംവിധാനമാണ് പൊട്ടൻഷ്യൽ ട്രാൻസ്ഫോർമർ എന്നത്. ഉയർന്ന വോൾട്ടേജ് ആയ 220 കിലോവാട്ടിലെ വൈദ്യുതി അളക്കാൻ ശ്രമകരമായതിനാൽ വോൾട്ടേജ് താഴ്ത്തിയാണ് അളക്കുന്നത്. ഇതാണ് പൊട്ടിത്തെറിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.