കെ.എസ്.ഇ.ബിയിൽ ട്രാൻസ്ഫോർമർ ക്ഷാമം; വിതരണ വിഭാഗം പ്രതിസന്ധിയിൽ
text_fieldsപാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുമ്പോഴും അമിത ലോഡിൽ കേടാവുന്ന ട്രാൻസ്ഫോർമറുകൾക്ക് പകരം സംവിധാനമൊരുക്കാൻ കഴിയാതെ കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമറുകളും പുതിയ മീറ്ററുകളും സെക്ഷൻ ഓഫിസുകളിൽ ലഭ്യമല്ലാത്തതിനാൽ ഉപഭോക്താക്കളിൽനിന്ന് ലഭ്യമാകേണ്ട കോടികളാണ് പ്രതിദിനം നഷ്ടമാകുന്നത്. വ്യവസായ- വാണിജ്യ മേഖലയിലടക്കമുള്ളവർ കണക്ഷനുകൾക്ക് വേണ്ടി ട്രാൻസ്ഫോർമറുകളുടെ പണമടച്ച് കാത്തുനിൽക്കുകയാണ്. ഇതിൽ ഭൂരിഭാഗവും പകൽ നേരത്തെ വൈദ്യുതി ഉപഭോഗം കൂടുതലുള്ള വ്യവസായങ്ങളായതിനാൽ കെ.എസ്.ഇ.ബിക്ക് വൈദ്യുതി വിൽപന വഴി ലഭ്യമാകേണ്ട കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്.
നിലവിലുള്ള ട്രാൻസ്ഫോർമറുകൾ അമിത ലോഡ് വഹിച്ച് കേടാകുന്ന സംഭവങ്ങൾ പതിവാണ്. പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചാലോ നിലവിലുള്ളവയുടെ ശേഷി വർധിപ്പിച്ചാലോ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ. എന്നാൽ, ആവശ്യത്തിന് ട്രാൻസ്ഫോർമറുകൾ ലഭ്യമാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് സാധിക്കാത്തതിനാൽ പ്രവർത്തനങ്ങൾ അവതാളത്തിലാണ്. കുറച്ചുകാലമായി ട്രാൻസ്ഫോർമറുകൾ, എനർജി മീറ്ററുകൾ തുടങ്ങിയവക്ക് രൂക്ഷ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
സാധന സാമഗ്രികൾ വാങ്ങുന്ന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥർക്കാണ് ഇവയുടെ സംഭരണ ഉത്തരവാദിത്തം. ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാൻ പണമടച്ച് മാസങ്ങളായിട്ടും കണക്ഷൻ ലഭിക്കാത്ത ധാരാളം ഉപഭോക്താക്കൾ പല സെക്ഷനുകളിലുമുണ്ട്. ഇതിനാൽ, പല വ്യവസായങ്ങളും ഉൽപാദനം തുടങ്ങാനായില്ല. അതോടൊപ്പം തകരാറിലായ മീറ്ററുകൾ മാറ്റാൻ പറ്റാതെയുണ്ടാകുന്ന കോടികളുടെ നഷ്ടവും കെ.എസ്.ഇ.ബിക്ക് തലവേദനയായിട്ടുണ്ട്.
തകരാറിലായ മീറ്ററുകൾ ഏഴുദിവസംകൊണ്ട് മാറ്റണമെന്നാണ് നിയമമെങ്കിലും മാസങ്ങളായിട്ടും മാറ്റാത്തവ ധാരാളമാണ്. ഇങ്ങനെ മീറ്ററുകൾ തകരാറിലാകുമ്പോൾ ശരാശരി കണക്കാക്കിയാണ് ബിൽ നൽകുക. ഈ വേനൽക്കാലത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഡിസംബർ, ജനുവരി മാസങ്ങളിലെ ശരാശരിയനുസരിച്ച് ബിൽ നൽകുന്നതിനാലും കെ.എസ്.ഇ.ബിക്ക് വൻ നഷ്ടമുണ്ടാകുന്നു. കൃത്യസമയത്ത് മീറ്ററുകൾ എത്തിക്കുന്നതിലും ട്രാൻസ്ഫോർമറുകൾ ലഭ്യമാക്കുന്നതിലും ഉന്നതർ വരുത്തുന്ന വീഴ്ചയാണ് ഇതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.