അനന്യകുമാരിയുടെ മരണം: ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗം ചേർന്നു
text_fieldsതിരുവനന്തപുരം: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിൻെറ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗം ചേർന്നു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍, അനുബന്ധ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.
ലിംഗമാറ്റ ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്കി സര്‍ക്കാര്‍ മേഖലയിൽ ശസ്ത്രക്രിയകള്‍ നടത്തുന്നത് സംബന്ധിച്ചും, ലിംഗമാറ്റ ശസ്ത്രക്രിയകളും അനുബന്ധമായ ആരോഗ്യസേവനങ്ങളും ട്രാൻസ്ജെന്‍ഡര്‍ സമൂഹത്തിന് ഏറ്റവും അനുകൂലമായ രീതിയില്‍ ലഭ്യമാക്കുന്നതിന് സാഹചര്യങ്ങള്‍ സൃഷ്ടിക്കാൻ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും വിദഗ്ധ സമിതി പരിശോധിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതും, സര്‍ക്കാർ ഭവന പദ്ധതിയില്‍ മുന്‍ഗണന വിഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതും പരിശോധിക്കുന്നതിന് സാമൂഹ്യനീതി ഡയറക്ടറെ ചുമതലപ്പെടുത്തിയാതും മന്ത്രി അറിയിച്ചു.
അനന്യകുമാരി അലക്സിൻെറ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗം ആരംഭിച്ചത്. സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സാമൂഹ്യനീതി ഡയറക്ടര്‍, ബോര്‍ഡിലെ ട്രാന്‍സ് പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അനന്യയുടെ മരണം: കൂടുതൽ പേരെ ചോദ്യം ചെയ്യും
കൊച്ചി: ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിെൻറ (28) പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിനു കൈമാറി.കളമശ്ശേരി മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ട് കളമശ്ശേരി പൊലീസിനാണ് കൈമാറിയത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഉള്ളടക്കം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല. റിപ്പോർട്ട് തയാറാക്കിയ മെഡിക്കൽ സംഘവുമായി തിങ്കളാഴ്ച പൊലീസ് ചർച്ച നടത്തും. ഈ ചർച്ചയുടെയും റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയെന്ന് കളമശ്ശേരി സി.ഐ പി.ആർ. സന്തോഷ് പറഞ്ഞു.
ഇതിനിടെ അനന്യയുടെ മരണത്തിന് കാരണക്കാരനാണെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്ന പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ ഡോ. അർജുൻ അശോകനെയും മറ്റും ചോദ്യം ചെയ്യും. കേസുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള എല്ലാവരെയും ചോദ്യം െചയ്യാനാണ് പൊലീസ് തീരുമാനം. ഇതിനിടെ വെള്ളിയാഴ്ച വൈറ്റിലയിലുള്ള സുഹൃത്തുക്കളുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനന്യയുടെ പങ്കാളി ജിജുവിെൻറയും പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്നുണ്ടായ ഗുരുതര ശാരീരിക പ്രശ്നങ്ങൾ തുറന്നു പറഞ്ഞതിനു പിന്നാലെയാണ് അനന്യ ആത്മഹത്യ ചെയ്തത്. ദിവസങ്ങൾക്കുള്ളിൽ പങ്കാളിയും മരിച്ച നിലയിൽ കണ്ടത് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുകയാണ്. ഇരുവരുടെയും മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ട്രാൻസ്ജെൻഡർ സമൂഹം ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.