'കറുത്ത ചുരിദാറാണോ പ്രശ്നം'; കലൂരിൽ മുഖ്യമന്ത്രിയുടെ പരിപാടിക്ക് സമീപം ട്രാൻസ്ജെൻഡേഴ്സിനെ തടഞ്ഞു
text_fieldsകൊച്ചി: കലൂർ മെട്രോസ്‌റ്റേഷനിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്ക് സമീപം ട്രാൻസ്ജെൻഡേഴ്സിനെ തടഞ്ഞു. മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ വന്നതിനു പിന്നാലെയാണ് രണ്ട് ട്രാൻസ്ജെൻഡേഴ്‌സ് പ്രതിഷേധമുയർത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടിക്ക് സമീപം വഴി നടക്കാൻ തങ്ങളെ അനുവദിച്ചില്ലെന്നാണ് ഇവർ പറഞ്ഞത്. പ്രതിഷേധം തുടർന്നതോടെ പൊലീസ് ഇവരെ വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് നീക്കി.
പ്രതിഷേധിച്ച ട്രാൻസ്ജെൻഡേഴ്സിൽ ഒരാൾ ബി.ജെ.പിയുടെ ട്രാൻസ്ജെൻഡേഴ്‌സ് കൂട്ടായ്മയുടെ ഭാഗമാണ്. തങ്ങൾ ധരിച്ചിരുന്ന കറുത്ത ചുരിദാറാണോ പ്രശ്‌നം എന്ന് ഇരുവരും ചോദിച്ചു. പൊലീസുകാർ തങ്ങളുടെ നേരെ ലാത്തിയുമായി വന്നുവെന്നും തങ്ങൾ ഏതെങ്കിലും കേസിൽ പ്രതികളാണോ ഇന്നും ഇവർ ചോദിച്ചു. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ ആരും സുരക്ഷിതരല്ല. മുഖ്യമന്ത്രി വരുന്നുണ്ടെന്ന് കരുതി കറുത്ത വസ്ത്രം ഇടരുതെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്. ട്രാൻസ്ജെൻഡേഴ്സ് പലരും തെരുവിൽ ആക്രമിക്കപ്പെട്ടു, കൊലചെയ്യപ്പെട്ടു, അപ്പോഴൊന്നും പൊലീസിനെ കണ്ടില്ല.
മെട്രോ സ്റ്റേഷനിലേക്കാണ് പോകുന്നതെന്ന് പറഞ്ഞിട്ടും പൊലീസ് വിട്ടില്ല. സ്റ്റേഷനിൽ കൂടെവരാമെന്നാണ് പറഞ്ഞത്. ഞങ്ങൾക്കെന്തിനാണ് ഇപ്പോൾ പൊലീസ് പ്രൊട്ടക്ഷൻ. ഞങ്ങൾക്ക് എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്രമുണ്ട് -ഇരുവരും പറഞ്ഞു. കൊച്ചിയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ പ്രതിഷേധം മുൻനിർത്തി കനത്ത സുരക്ഷയാണ് ഒരുക്കിയത്. നേരത്തെ, കറുത്ത മാസ്ക് ധരിച്ചവരെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ വിലക്കിയത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.