വയസ്സേറി ട്രാൻസ്ഫോർമറുകൾ; പ്രസരണനഷ്ടം പതിവാകുന്നു
text_fieldsപാലക്കാട്: കെ.എസ്.ഇ.ബി വിതരണ വിഭാഗത്തിലെ 30 ശതമാനം ട്രാൻസ്ഫോർമറുകളും 20 വർഷവും അതിനു മുകളിലും കാലപ്പഴക്കമുള്ളവ. കാര്യക്ഷമത കുറയുന്നതിലും പ്രസരണ നഷ്ടം കൂടുന്നതിലും പഴയ ട്രാൻസ്ഫോർമറുകൾ പ്രധാന കാരണമാണെന്നാണ് വിദഗ്ധാഭിപ്രായം. വിതരണ മേഖലയിലെ 87,038 ട്രാൻസ്ഫോർമറുകളിൽ 29,224 എണ്ണം 20 വർഷത്തിനു മുകളിൽ പഴക്കംചെന്നവയാണെന്ന് കെ.എസ്.ഇ.ബി നിയമസഭയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു.
കാലാവധി 30 വർഷം
20 മുതൽ 30 വർഷമാണ് ശരാശരി കാലാവധി. പഴക്കമേറിയാൽ ഇൻസുലേഷൻ ക്രമാതീതമായി കുറയുക, അമിതമായി ചൂടാകുക, ഓയിൽ കേടാകുക. ശേഷി നഷ്ടപ്പെടുക എന്നിവ പ്രശ്നമാണ്. 30 വർഷത്തിനു മേൽ പഴക്കമുള്ള 8569 ട്രാൻസ്ഫോർമറുകളാണുള്ളത്. 100 കെ.വി.എ ശേഷിയുള്ള 30 വർഷത്തിലേറെ പഴക്കമുള്ള 5989 എണ്ണമുണ്ട്. . 20-30 വർഷം പഴക്കമുള്ള 14,745ഉം 10-20 വർഷം പഴക്കമുള്ള 26,054ഉം ഉണ്ട്. 10 വർഷത്തിൽ താഴെ പഴക്കമുള്ളവ 18,400.
പ്രസരണ വിഭാഗത്തിൽ ആകെയുള്ള 1289 ട്രാൻസ്ഫോർമറുകളിൽ 30 വർഷത്തിനു മുകളിൽ പഴക്കമുള്ളവ 151ഉം ഉപയോഗശൂന്യമായവ 30ഉം ആണ്. 20-30 വർഷം വരെ പഴക്കമുള്ള 389 എണ്ണമുണ്ട്. 24 ശതമാനത്തോളം 20 വർഷത്തിൽ മേൽ പഴക്കമുള്ളവയാണ്.
ക്ഷാമമില്ലെന്ന് കെ.എസ്.ഇ.ബി
കഴിഞ്ഞ വര്‍ഷത്തെ പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ ട്രാൻസ്ഫോർമറുകൾ ആവശ്യാനുസരണം സജ്ജമാക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. 400 എണ്ണം ഡിസംബര്‍ മുതല്‍ ലഭ്യമാക്കി. 100 കെ.വി.എ 741 എണ്ണം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയതില്‍ 225 എണ്ണം ലഭിച്ചു. 160 കെ.വി. 1139 എണ്ണം അനുമതി നല്‍കിയതില്‍ 599 എണ്ണം ലഭിച്ചു. കേടാകുന്നവ മാറ്റാൻ 100 ട്രാന്‍സ്ഫോര്‍മറുകളുണ്ട് -കെ.എസ്.ഇ.ബി പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.