ഡ്രൈവിങ് ടെസ്റ്റുകൾ തിങ്കളാഴ്ച തുടങ്ങാൻ ഗതാഗത കമീഷണറേറ്റ്
text_fieldsതിരുവനന്തപുരം: സാരഥി സോഫ്റ്റ്വെയർ തകരാറിനെ തുടർന്ന് മുടങ്ങിയ ഡ്രൈവിങ് ടെസ്റ്റുകൾ തിങ്കളാഴ്ച തുടങ്ങാനാകുമെന്ന പ്രതീക്ഷയിൽ മോട്ടോർ വാഹനവകുപ്പ്. ഡ്രൈവിങ് ടെസ്റ്റ് സമരം ഒത്തുതീർന്നെങ്കിലും സോഫ്റ്റ്വെയർ തകരാർമൂലം ടെസ്റ്റുകൾ വൈകിയിരുന്നു. ശനിയാഴ്ചയോടെ പ്രശ്നം പരിഹരിക്കുമെന്നാണ് ഗതാഗത കമീഷണറേറ്റിന് അറിയിപ്പ് ലഭിച്ചത്.
അങ്ങനെയെങ്കിൽ ഞായറാഴ്ച മുതൽ സൈറ്റ് ലഭ്യമാകും. സൈറ്റ് തകരാറിലായതോടെ ടെസ്റ്റിനുള്ള സ്ലോട്ട് ബുക്കിങ് അടക്കം മുടങ്ങിയിരുന്നു. ജൂലൈ മുതലുള്ള തീയതി മാത്രമേ സൈറ്റിൽ ലഭ്യമായിരുന്നുള്ളൂ. സമരംമൂലം ടെസ്റ്റ് മുടങ്ങിയവർക്ക് റീ ഷെഡ്യൂൾ ചെയ്ത് ടെസ്റ്റ് നടത്തുകയും വേണം. ടെസ്റ്റിനുള്ള പേരുവിവരമടക്കം രേഖകൾ പ്രിന്റെടുക്കേണ്ടതും സാരഥിയിൽ നിന്നാണ്.
‘ഇൻസ്ട്രക്ടർ’ നിർദേശം പിൻവലിക്കണം-സി.ഐ.ടി.യു
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് നിർദേശങ്ങളിൽ പരസ്യ വിയോജിപ്പുയർത്തി സി.ഐ.ടി.യു. ഇൻസ്ട്രക്ടർമാർ തന്നെ പഠിതാക്കളെ ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിക്കണമെന്ന നിർദേശമാണ് എതിർപ്പിന് കാരണം. ഈ വ്യവസ്ഥ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി ഗണേഷ് കുമാറിന് സി.ഐ.ടി.യു ശനിയാഴ്ച കത്തുനൽകി. ഒത്തുതീർപ്പ് ചർച്ചക്ക് തൊട്ടുടനെ തന്നെ സി.ഐ.ടി.യു എതിർപ്പുന്നയിച്ചിരുന്നു. എന്നാൽ ഇൻസ്ട്രക്ടർ നിർദേശം ഇപ്പോൾ നടപ്പാക്കില്ലെന്നാണ് ഗതാഗതമന്ത്രി സി.ഐ.ടി.യുവിന് ഉറപ്പ് നൽകിയിരുന്നത്.
അതേസമയം ചർച്ചയുടെ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിറക്കിയ ഉത്തരവിൽ രണ്ടാം ഇനമായി ഈ നിർദേശം ഉൾപ്പെടുത്തിയതാണ് സി.ഐ.ടി.യുവിനെ ചൊടിപ്പിച്ചത്. ഇൻസ്ട്രക്ടർ തന്നെ പഠിതാക്കളെ ഗ്രൗണ്ടിലെത്തിക്കണമെന്ന വ്യവസ്ഥ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് അടിന്തരമായി പിൻവലിക്കണമെന്നും ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി സി.ടി. അനിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.