ഗതാഗത വകുപ്പ് ഉന്നതതല യോഗം ഇന്ന്
text_fieldsതിരുവനന്തപുരം: കേന്ദ്രനയം മറയാക്കി കെ.എസ്.ആര്.ടി.സിക്ക് മാത്രം അവകാശപ്പെട്ട ദേശസാത്കൃത റൂട്ടുകളിലേക്ക് സ്വകാര്യ ബസുകൾ കടന്നുകയറുന്ന സാഹചര്യത്തിൽ തുടർനടപടികൾക്കായി സർക്കാർ ഉന്നതതലയോഗം ചേരുന്നു. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 11ന് എറണാകുളം ഗവ. െഗസ്റ്റ് ഹൗസിലാണ് യോഗം. കേന്ദ്ര മോട്ടോര്‍വാഹനനിയമത്തില്‍ ഓള് ഇന്ത്യ പെര്‍മിറ്റിനുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ചതോടെ റൂട്ടുകളിൽ കെ.എസ്.ആര്.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്ന സംരക്ഷണം ഇല്ലാതാകുന്ന സ്ഥിതിയാണ്. ഓള് ഇന്ത്യ പെര്‍മിറ്റ് എടുക്കുന്ന ബസുകള്‍ക്ക് ഏത് റൂട്ടിലും പെര്‍മിറ്റില്ലാത്തെ ഓടാന്‍ അനുമതി നല്‍കുന്നതാണ് നിയമഭേദഗതി.
ദീര്ഘദൂരപാതകളില്നിന്ന് സ്വകാര്യബസുകളെ ഒഴിവാക്കുകയും സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ പരമാവധി യാത്രാദൂരം 140 കിലോമീറ്ററായി ചുരുക്കുകയും ചെയ്താണ് ദീർഘദൂര റൂട്ടുകളിൽ കെ.എസ്.ആര്.ടി.സിക്ക് നിയമം മൂലം സംസ്ഥാനസർക്കാർ സംരക്ഷണമൊരുക്കിയിരുന്നത്. ഈ സ്ഥിതിയാണ് നിയമഭേദഗതിയോടെ മാറുന്നത്. സ്വകാര്യബസുകൾക്ക് ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ എഴുദിവസത്തിനുള്ളില്‍ പെര്‍മിറ്റ് ലഭിക്കുമെന്നതാണ് പുതിയ വ്യവസ്ഥ. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നികുതി ഘടനകള്‍ വിനോദസഞ്ചാരമേഖലക്ക് പ്രതികൂലമാണെന്ന് കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഓള് ഇന്ത്യ പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും ഒരു സംസ്ഥാനത്തോ കേന്ദ്രഭരണപ്രദേശത്തോ നികുതി അടക്കുന്ന ബസുകള്‍ക്ക് രാജ്യത്ത് എവിടേക്കും യാത്ര ചെയ്യാന്‍ ഓള് ഇന്ത്യ പെര്‍മിറ്റിന് അപേക്ഷിക്കാം. 3.60 ലക്ഷം രൂപ പെര്‍മിറ്റ് ഫീസ് നല്‍കണം. ഈ തുക ബസ് കടന്നുപോകുന്ന സംസ്ഥാനങ്ങള്‍ക്ക് നിശ്ചിത കാലയളവില്‍ വീതിച്ച് നല്‍കും.
അതേസമയം കേരളത്തിൽ കോണ്ട്രാക്റ്റ് ക്യാരേജ് പെര്‍മിറ്റില്‍ അനുമതിയില്ലാതെ അന്തര്‍സംസ്ഥാന പാതകളില്‍ ഓടുന്ന സ്വകാര്യബസുകള്‍ ഓള്‍ഇന്ത്യ പെര്‍മിറ്റിലേക്ക് മാറാന്‍ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കാനും കഴിയാത്ത സ്ഥിതിയുണ്ടാകും. കെ.എസ്.ആര്.ടി.സിയുടെ നിലനില്പിനെ പൂര്‍ണമായും ബാധിക്കുന്നതാണ് ദേശസാത്കൃത പാതകളിലേക്കുള്ള സ്വകാര്യബസുകളുടെ കടന്നുകയറ്റം. കെ.എസ്.ആർ.ടി.സിയുടെ പ്രധാന വരുമാനമാര്‍ഗം ദേശസാത്കൃത പാതകളിലെ 1200 സൂപ്പര്‍ക്ലാസ് ബസുകളാണ്. ഓള് ഇന്ത്യ പെര്‍മിറ്റ് ബസുകള്‍ക്ക് സംസ്ഥാനത്ത് പ്രത്യേക നികുതി ചുമത്തുന്നതിനെതിരെ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം രംഗത്തുവന്നതിന് പിന്നാലെ നികുതി ഈടാക്കുന്നത് സുപ്രീംകോടതി തടയുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.