കെ.എസ്.ആർ.ടി.സിയെ ഞെക്കിക്കൊല്ലാൻ പലരും ശ്രമിക്കുന്നു -ഗതാഗത മന്ത്രി
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സിയെ ഞെക്കിക്കൊല്ലാൻ പലരും ശ്രമിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. മേഖലയായി തരംതിരിച്ചതു വഴി കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. മേഖലകളായി തിരിക്കുന്നതിനെ എതിർക്കുന്നത് നിക്ഷിപ്ത താൽപര്യക്കാരാണ്. അവരുടെ ദുർവ്യാഖ്യാനം ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി വടക്കൻ മേഖലാ വിഭാഗത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആർ.ടി.സി ആരംഭിച്ച ചിൽ സർവീസ് ലാഭകരമാണ്. അതിനാൽ സമാന മാതൃകയിൽ കൂടുതൽ സർവീസുകൾ തുടങ്ങും. കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-കോയമ്പത്തൂർ റൂട്ടിലും ചിൽ സർവീസ് ആരംഭിക്കുക. ഒാണകാലത്തെ അന്യ സംസ്ഥാന, സ്വകാര്യ ബസുകളുടെ ചൂഷണം തടയാൻ ആരംഭിക്കുന്ന മാവേലി സർവീസിന്‍റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. താൽകാലിക പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. സർവീസിന് 25 ബസുകൾ സജ്ജമാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.
മേഖലാ വിഭജനം നടപ്പാക്കിയത് സുശീൽ ഖന്ന റിപ്പോർട്ടിലെ ശിപാർശ പ്രകാരമാണ്. മേഖലാ അധികാരികൾക്ക് പൂർണ അധികാരമുണ്ടായിരിക്കും. പുതിയ സംവിധാനം പ്രകാരം ജില്ലാ ആസ്ഥാനവും ജില്ലാ ട്രാൻസ്പോർട്ട് ഒാഫിസർ തസ്തികയും ഉണ്ടാകില്ല. ഒാരോ മാസവും കൈവരിക്കേണ്ട ലക്ഷ്യത്തെ കുറിച്ച് മേഖലാ ഒാഫിസർ നിർദേശം നൽകും. സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങൾ മേഖലയുടെ കീഴിൽ വരും. കോഴിക്കോട് മേഖലാ കെ.എസ്.ആർ.ടി.സി കോംപ്ലക്സിന്‍റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. മൂന്നു മേഖലകളിൽ ഏറ്റവും കൂടുതൽ ജില്ലകൾ ഉള്ളത് വടക്കൻ മേഖലക്ക് കീഴിലാണെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.