ചരിത്രത്തിൽനിന്ന് പഠിക്കാതെ ഗതാഗത മന്ത്രി; മിനി ബസുകൾ വാങ്ങി കുഴിയിലാകാൻ കെ.എസ്.ആർ.ടി.സി
text_fieldsഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ് തുടങ്ങി ജീവനക്കാരുടെയും യാത്രക്കാരുടെയും വഴിപോക്കരുടേയും ജീവൻ കൈയ്യിലെടുത്തു പായുന്ന കെ.എസ്.ആർ.ടി.സിയുടെ വരേണ്യ വിഭാഗം സർവിസുകൾക്ക് അഞ്ചുവർഷത്തിൽ താഴെ പഴക്കമെ ഉണ്ടാകാൻ പാടുള്ളൂവെന്നതായിരുന്നു നമ്മുടെ നാട്ടിലെ നിയമം. വളവുകൾ കൃത്യമായി തിരിയാനും ബ്രേക്ക് പിടിച്ചാൽ ഉദ്ദേശിച്ചിടത്തു നിൽക്കാനും ഈ യൗവ്വനം സൂപ്പർക്ലാസ് ബസുകളെ സഹായിച്ചിരുന്നു. സ്പെയർപാർട്സ് വാങ്ങാൻ പോലും ഗതിയില്ലാതാകുന്ന സമയത്തും യാത്രക്കാർക്ക് സുരക്ഷിതമായി യാത്രചെയ്യാനും പെട്ടെന്നു തകരാറിലാകാത്ത പുതിയ ബസുകൾ സഹായിക്കും.
പക്ഷേ, സാമ്പത്തിക പ്രതിസന്ധി ഇരുമ്പിലെ തുരുമ്പുപോലെ കോർപറേഷനെ പൊതിഞ്ഞപ്പോൾ സർക്കാരിൽ നിന്നും ഇളവുകൾ വാങ്ങി പഴയവണ്ടികളും സൂപ്പർക്ലാസ് സർവിസുകൾ നടത്തിത്തുടങ്ങി. നിലവിൽ 12 വർഷം പഴക്കമുള്ള ബസുകൾവരെ വെട്ടിയും വിറച്ചും കുതിച്ചുപായുന്നുണ്ട്. ഏതാണ്ട് 500 ഓളം ബസുകൾ ഇത്തരത്തിൽ ഓടുന്നുണ്ട്. ഇവ മാറ്റി വാങ്ങേണ്ടത് കെ.എസ്.ആർ.ടി.സിയുടെ മാത്രമല്ല, വഴിപോക്കരുടെ ജീവന്‍റെയും സ്വത്തിന്‍റെയും മുതൽ റോഡരികിലെ വൈദ്യുതി തൂണുകളുടെ വരെ നിലനിൽപ്പിനു അത്യാവശ്യമാണ്.
ഔദ്യോഗിക രേഖകളനുസരിച്ച് കെ.എസ്.ആർ.ടി.സിയിലെ മൊത്തം ബസുകളിൽ 80 ശതമാനവും അശോക് ലൈലാന്‍റ് കമ്പനിയുടേതാണ്. 2011 മുതൽ വാങ്ങുന്ന ബസുകളിൽ 95 ശതമാനവും ലൈലാന്‍റാണ്. കേരളത്തിന്‍റെ ഭൂപ്രകൃതിയിൽ പ്രവർത്തിക്കുമ്പോഴുള്ള കാര്യക്ഷമത, അറ്റകുറ്റപണികൾ കുറവ്, ഈട് എന്നിവയൊക്കെയാണ് മെക്കാനിക്കുകൾക്കും ഡ്രൈവർമാർക്കും ഈ ബസുകളെ പ്രീയപ്പെട്ടതാക്കിയത്. 2010 മുതൽ ഇതുവരെ വാങ്ങിയ ബസുകളിൽ ഇലക്ട്രിക് ബസുകൾ ഒഴികെയുള്ള മുഴുവൻ എണ്ണവും ലൈലാന്‍റാണ്. തമിഴ്നാട്ടിലും 90 ശതമാനം സർക്കാർ ബസുകളും ലൈലാന്‍റ് തന്നെയാണ്. എന്നാൽ, പുതിയ ഗതാഗതമന്ത്രി ചുമതലയേറ്റതോടെ ഇൗ രീതിക്ക് മാറ്റം വരികയാണ്.
‘ടയറുകൾക്ക് വലിപ്പം കുറവ്, ദീർഘദൂര സർവീസുകൾക്ക് അനുയോജ്യമല്ല’
നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന 53 സീറ്റുള്ള വലിയ ബസുകൾക്ക് പകരം 32 സീറ്റ് മാത്രമുള്ള ചെറിയ ബസുകൾ വാങ്ങാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി. ടയറുകൾക്ക് വലിപ്പം കുറഞ്ഞതും സ്കൂൾ ബസുകൾക്ക് അനുയോജ്യമായ രീതിയിൽ നിർമിച്ചിട്ടുള്ളതുമായ ബസുകളാണ് വാങ്ങുന്നത്. ഇവ ദീർഘദൂര സർവീസുകൾക്ക് അനുയോജ്യമല്ലെന്ന് മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
‘കുഞ്ഞു വണ്ടി’യുടെ പരീക്ഷണയോട്ടം കൊട്ടാരക്കര - പത്തനാപുരം മേഖലയിൽ പുരോഗമിക്കുന്നുണ്ട്. വലിയ വണ്ടികൾക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളയിടങ്ങളിൽ സർവിസ് നടത്താനെന്ന പേരിലാണ് വാങ്ങുന്നതെങ്കിലും ഓടുന്നതൊക്കെ ദേശസാൽകൃത റൂട്ടിലൂടെയായേക്കാമെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്.
വലിയ ബസുകളുടെ 80 ശതമാനം വില വരുന്ന മിനിബസുകൾ കോർപറേഷന് ലാഭംനൽകാൻ സാധ്യത കുറവാണ്. കഴിഞ്ഞ എട്ടു വർഷത്തിനിടെ സർക്കാരിൽ നിന്നും പതിനായിരം കോടിയുടെ സഹായം ലഭിച്ചിട്ടും വൻ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് കനത്ത ആഘാതമായിരിക്കും ഈ തീരുമാനം നൽകുക. ഇങ്ങനെ കരുതാനുള്ള സാഹചര്യം രണ്ടു പതിറ്റാണ്ടുമുമ്പ് കെ.എസ്.ആർ.ടി.സിയിൽ ഉണ്ടായിട്ടുമുണ്ട്. നിലവിലെ ഗതാഗത മന്ത്രി തന്നെയായിരുന്നു അന്നും ഗതാഗതം ഭരിച്ചിരുന്നത്.
അന്ന് വാങ്ങിയത് 365 മിനിബസുകൾ; ഒടുവിൽ നഷ്ടത്തിൽ കലാശിച്ചു
2003 ലാണ് സംഭവങ്ങളുടെ തുടക്കം. അന്ന് എ.കെ. ആന്‍റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭാണ് കേരളം ഭരിച്ചിരുന്നത്. കെ.ബി.ഗണേഷ്കുമാർ ഗതാഗതമന്ത്രി. ആ വർഷം ഏപ്രിലിൽ നാറ്റ്പാക് നടത്തിയ പഠനത്തിൽ തിരുവന്തപുരം ജില്ലയിൽ വ്യാപകമായിരുന്ന ടെമ്പോ, ട്രക്കർ പാരലൽ സർവിസ് നിയന്ത്രിക്കാൻ നടപടിവേണമെന്ന് ആവശ്യപ്പെട്ടു. തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗതത്തിൽ കെ.എസ്.ആർ.ടി.സിയുടെ പങ്കു വർധിപ്പിക്കാൻ മിനിബസുകൾ വാങ്ങുന്നത് ഉചിതമായിരിക്കും എന്ന നിർദേശവും അവർ മുന്നോട്ടുവച്ചു. പിന്നൊന്നും നോക്കിയില്ല.
പഠനത്തിന്‍റെ ആധികാരികതയും വസ്തുതയുമൊന്നും പരിശോധിക്കാതെ 2003 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ 30.02 കോടി രൂപ മുടക്കി 365 മിനിബസുകൾ വാങ്ങി. എന്നാൽ, ഇവ ഉപയോഗിച്ച് പാരലൽ സർവിസുകൾ നിർത്തലാക്കുന്നതിനു പകരം സാധാരണ സർവിസുകളായി ഓടിച്ചു. മിനിബസുകളിൽ കയറാവുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഈ സർവിസുകൾ പൊതുജനം സ്വീകരിച്ചില്ല. ഇതോടെ പദ്ധതി 8.46 കോടി രൂപയുടെ നഷ്ടത്തിൽ കലാശിച്ചു.
2009 ആഗസ്റ്റിൽ വി.എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ ഓഡിറ്റർ ജനറലിനോടു വിശദീകരിച്ചത് നാറ്റ്പാക് പഠനം തെറ്റായിരുന്നുവെന്നും മിനി ബസുകളുടെ സർവിസുകൾ ഒരു കാലത്തും ലാഭകരമാവില്ലെന്നുമാണ്. കെ.എസ്.ആർ.ടി.സി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും മിനി ബസുകൾക്കു പകരം 53 സീറ്റുകളുടെ സാധാരണ വലിയ ബസുകൾ വാങ്ങുന്നതായിരുന്നു കെ.എസ്.ആർ.ടി.സിക്ക് ലാഭകരമെന്നുമാണ് 2009 മാർച്ച് 31ന് പുറത്തിറക്കിയ ഓഡിറ്റർ ജനറലിന്‍റെ വാണിജ്യസ്ഥാപനങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടിന്‍റെ 64,65 പേജുകളിൽ വിശദീകരിക്കുന്നു.
കിലോമീറ്ററിൽ എത്ര നഷ്ടം വരും?
അന്ന് കെ.എസ്.ആർ.ടി.സി സർവിസുകൾ ഇന്നത്തെയത്ര നഷ്ടക്കച്ചവടമായിരുന്നില്ലെന്ന് ഓർക്കണം. എന്നിട്ടും 365 കുട്ടിബസുകൾ 8.46 കോടി രൂപയുടെ അധിക നഷ്ടമുണ്ടാക്കി. 2004-05 ൽ ഒരു കിലോമീറ്ററിൽ നിന്നുള്ള വരുമാനം 17.77 രൂപയും പ്രവർത്തനചിലവ് 21.28 രൂപയുമായിരുന്നു. വരുമാന നഷ്ടം 3.51 രൂപയും ഒരു കിലോമീറ്റർ സർവിസ് നടത്തുമ്പോൾ ഉണ്ടാകുന്ന നഷ്ടം 2.56 രൂപയുമായിരുന്നു. 2005-06 ൽ ഇത് യഥാക്രമം 23.25, 18.89, 4.36, 3.36 എന്നിങ്ങനെയായി. 2006-07 ൽ 24.11, 20.75, 3.36, 2.34 ഉം 2007-08 ൽ 25.73, 21.13, 4.6, 3.48 ഉം 2008-09 ൽ 25.57, 22.44, 3.13, 1.61 എന്ന നിലയിലായിരുന്നു. ഇന്നത്തെപ്പോലെ ഭീമമായ നഷ്ടം ഇല്ലാതിരുന്നിട്ടും അന്നു മിനി ബസുകൾ നഷ്ടത്തിലായെങ്കിൽ ഇന്ന് സ്ഥിതി അതി ദയനീയമാകുമെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
2024 ഏപ്രിൽ-മെയ് മാസത്തെ കണക്ക് നോക്കുമ്പോൾ കിലോമീറ്റർ വരുമാനം 50.77 രൂപയും ചിലവ് 80 രൂപയുമാണ്. ഒരു കിലോമീറ്ററിൽ നിന്നുള്ള നഷ്ടം 29.23 രൂപ. വലിയ ബസുകൾ ഓടിക്കുമ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ ചെറിയ ബസുകൾ ഉപയോഗിച്ചാൽ കിലോമീറ്ററിനു 30 രൂപയിൽ കൂടുതൽ വരുമാനം കിട്ടില്ലെന്നും തൊഴിലാളികൾ പറയുന്നു. ഓരോ കിേലാമീറ്ററിലും 50 രൂപയുടെ വരുമാന നഷ്ടം സഹിക്കേണ്ടിയും വരും. 250 കിലോമീറ്റർ സർവിസ് നടത്തുന്ന മിനി ഓർഡിനറി ബസിന്‍റെ പ്രതിദിന നഷ്ടം ഏകദേശം 12500 രൂപയായരിക്കും. പ്രതിമാസ നഷ്ടം 3.75 ലക്ഷവും.
കട്ടപ്പുറത്ത് എണ്ണൂറോളം ബസുകൾ
ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം കെ.എസ്.ആർ.ടി.സിയുടെ 4070 ബസുകളാണ് സ്ഥിരമായി സർവിസ് നടത്തുന്നത്. നല്ല നിലവാരമുണ്ടായിട്ടും ആവശ്യത്തിനു യാത്രക്കാരില്ല എന്ന പേരിൽ ഓടിക്കാതെ മാറ്റിയിട്ടിരിക്കുന്നത് 704 ബസുകളാണ്. എണ്ണൂറോളം ബസുകൾ കട്ടപ്പുറത്തുമുണ്ട്. ഇവയുടെ കാര്യത്തിൽ ഗുണപരമായ ഒരു തീരുമാനവുമെടുക്കാതെയാണ് മിനി ബസുകൾ വാങ്ങിക്കൂട്ടാൻ ശ്രമം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.