കോൺക്രീറ്റ് സ്പാനുകൾക്കിടയിൽ കുടുങ്ങിയത് മൂന്ന് ദിനം: ഫയർഫോഴ്സ് കൈയ്യൊഴിഞ്ഞു, നിലമ്പൂരിൽനിന്ന് രക്ഷാകരം
text_fieldsആലപ്പുഴ: കോൺക്രീറ്റ് സ്പാനുകൾക്കിടയിൽ കുടുങ്ങിക്കിടന്നത് മൂന്ന് ദിനങ്ങൾ. ഫയർഫോഴ്സ് സംഘം വരെ കൈയ്യൊഴിഞ്ഞിട്ടും രക്ഷകരായത് മലപ്പുറം നിലമ്പൂരിൽ നിന്ന് ആലപ്പുഴയിലേക്ക് കിലോമീറ്ററുകൾ താണ്ടിയെത്തിയ എമർജൻസി റെസ്ക്യു ഫോഴ്സ് സംഘം. ആലപ്പുഴയുടെയും കോട്ടയത്തിന്റെയും അതിർത്തി പങ്കിടുന്ന കിടങ്ങറയിലാണ് സംഭവം. എ.സി റോഡ് പുനർ നിർമാണത്തിന്റെ ഭാഗമായി കിടങ്ങറ ബസാറിൽ പാലത്തിനായി കൂറ്റൻ ബീമുകൾ റോഡിന്റെ വശത്തായി സൂക്ഷിച്ചിരുന്നു. 20 മീറ്റർ നീളവും 25 ടൺ ഭാരവും ഉള്ള വലിയ കോൺക്രീറ്റ് സ്പാനുകൾക്കിടയിലേക്ക് തെരുവുനായ കുടുങ്ങി പോവുകയായിരുന്നു. ഇത് ശനിയാഴ്ച രാവിലെയാണ് പ്രദേശത്തെ പോളയിൽ
പെറ്റ് ഷോപ്പ് ഉടമ ആർ. രജ്ഞിത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. ഇതിനെ രക്ഷിക്കാൻ രജ്ഞിത്തും പ്രദേശവാസികളും പരിശ്രമം നടത്തിയെങ്കിലും രക്ഷിക്കാനോ ഒരു തുള്ളി വെള്ളം പോലും കൊടുക്കാനോ സാധിച്ചില്ല. കുടുങ്ങിക്കിടന്ന് നിസഹായനായി കരയുന്ന നായയുടെ അവസ്ഥ ആരെയും ഈറനണിയിക്കുന്നെ ആയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ മുതൽ നായയെ പുറത്തെടുക്കാനായി രഞ്ജിത്ത് മറ്റുള്ളവരുടെ സഹായം തേടി. ആദ്യം റോഡ് നിർമാണത്തിന് കരാറെടുത്തിരിക്കുന്ന അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഒരു ജീവന് വില കൽപിക്കാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. റോഡിന് വശത്ത് താൽക്കാലികമായി സ്ഥാപിച്ചിരിക്കുന്ന ബീമുകൾ മാറ്റണമെങ്കിൽ ക്രെയിൻ ഉപയോഗിക്കേണ്ടിവരുമെന്നും ഇതിനായി നാലു ലക്ഷം രൂപ വരുമെന്നും സാധിക്കുകയില്ലെന്നുമാണ് രജ്ഞിത്തിന് ലഭിച്ച മറുപടി.
തുടർന്ന് ചങ്ങനാശേരി ഫയർഫോഴ്സ് സംഘത്തെ നിരന്തരം ബന്ധപ്പെട്ടപ്പോൾ അവസാനം ഞായറാഴ്ച വൈകിട്ടോടെ അവരെത്തിയിരുന്നു. തുടർന്ന് ഫയർഫോഴ്സിന്റെ ശ്രമവും വിഫലമായപ്പോൾ രജ്ഞിത്ത് സമൂഹമാധ്യമങ്ങളിൽ കൂടി വിവരം പുറം ലോകത്തെ അറിയിച്ചു. ഒടുവിൽ കോട്ടയത്തുള്ള ബിജിലിന്റെ ശ്രദ്ധയിൽ പെടുകയും അവർ ആവശ്യപ്പെട്ടിട്ട് മൃഗസംരക്ഷ പ്രവർത്തക സാലി വർമ്മ നിലമ്പൂരിലുള്ള എമർജൻസി റെസ്ക്യു ഫോഴ്സിനെ വിവരം അറിയിച്ചു. നിലമ്പൂരിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ പുറപ്പെട്ട ഇ.ആർ.എഫ്. പ്രവർത്തകർ രാവിലെ 7:30 ഓടെ പ്രദേശത്തെത്തുകയും രണ്ടു മണിക്കൂർ നേരത്തെ പ്രയത്നത്താൽ നായയെ പുറത്തെടുക്കുകയും ചെയ്തു. ബീമുകൾ അനക്കാതെ ബുദ്ധിപരമായ നീക്കത്തിലൂടെയായിരുന്നു ഇവർ നായയെ പുറത്തെടുത്തത്. ഭക്ഷണവും വെള്ളവും കഴിക്കാതെ അവശ നിലയിലായ നായയെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിട്ടു.
ഇ.ആർ.എഫ്. അംഗങ്ങളായ ബിബിൻ പോൾ, കെ.എം. അബ്ദുൽ മജീദ്, ഷഹബാൻ മമ്പാട്, ഡെനി എബ്രാഹാം, ടി. നജുമുദ്ദീൻ എന്നിവരും പ്രദേശവാസികളായ ഗോകുൽ കിടങ്ങറയും, ആർ. രഞ്ജിത്ത് എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.