സ്ഥലം വിൽക്കാനുള്ള നീക്കം വീണ്ടുംപാളി; ‘പ്രാരാബ്ധം’ ഒഴിയാതെ ട്രാവൻകൂർ സിമന്റ്സ്
text_fieldsകോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ദ ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് ഭൂമി വിൽക്കാൻ നടത്തിയ നീക്കം വീണ്ടും പാളി. ഇതോടെ നാലാം തവണയും ടെൻഡർ ക്ഷണിച്ചു. എറണാകുളം കാക്കനാടുള്ള ഭൂമി വിറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. സർക്കാർ അനുമതി ലഭിച്ചതോടെയാണ് ഭൂമി വിൽപനക്ക് ടെൻഡർ ക്ഷണിച്ചത്. ടെൻഡർ സമർപ്പിച്ച വ്യക്തി ആദ്യഗഡു പണമോ രേഖകളോ ഹാജരാക്കിയില്ല. തുടർന്നാണ് വീണ്ടും ടെൻഡർ വിളിക്കാനുള്ള തീരുമാനം. അതിന്‍റെ അടിസ്ഥാനത്തിൽ പത്രപരസ്യം നൽകി. ആഗസ്റ്റ് ഒമ്പതിനകം ടെൻഡർ സമർപ്പിക്കണമെന്നാണ് ആവശ്യം.
ഒരുകാലത്ത് സംസ്ഥാനത്തിന്‍റെ അഭിമാനമായിരുന്ന ട്രാവൻകൂർ സിമന്റ്സ് കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അഞ്ചുവർഷം മുമ്പ് വിരമിച്ചവർക്കുൾപ്പെടെ ആനുകൂല്യം നൽകാനാകാത്ത സാഹചര്യമാണ്. വിരമിച്ചവർ കോടതിയെ സമീപിക്കുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തിലാണ് എറണാകുളം കാക്കനാട്ടുള്ള 113 ആർ സ്ഥലവും കോട്ടയം ചെമ്പിലുള്ള സ്ഥലവും വിൽക്കാനുള്ള തീരുമാനം ബോർഡ് കൈക്കൊണ്ടത്. അതിന്‍റെ അടിസ്ഥാനത്തിൽ അനുമതിക്കായി സംസ്ഥാന സർക്കാറിനെ സമീപിച്ചു. അങ്ങനെയാണ് കാക്കനാട്ടുള്ള വസ്തു വിറ്റ് ബാധ്യത തീർക്കാൻ വ്യവസായ വകുപ്പ് അനുമതി നൽകിയത്.
അങ്ങനെ അന്താരാഷ്ട്ര പത്രങ്ങളിലുൾപ്പെടെ മൂന്നുതവണ ടെൻഡർ ക്ഷണിച്ചുള്ള പരസ്യവും നൽകി. എന്നാൽ, കാര്യമായ പ്രതികരണം ഉണ്ടായില്ല. കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ ചെമ്പിലെ ഭൂമി വിൽപനക്കുള്ള നടപടിക്രമങ്ങൾ നടന്നതുമില്ല. അതിനൊടുവിലാണ് ഒരാൾ ടെൻഡർ സമർപ്പിച്ചത്. 23.5 കോടിക്കാണ് ടെൻഡറായത്. എന്നാൽ, ആദ്യഗഡു പോലും കൈമാറിയില്ല.
അതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാറുമായി ആലോചിച്ച് പുതിയ ടെൻഡർ ക്ഷണിച്ചത്. അടുത്തിടെയാണ് ട്രാവൻകൂർ സിമന്റ്സിന്റെ ചെയർമാനായി സണ്ണി തെക്കേടം ചുമതലയേറ്റത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ സ്ഥാപനത്തെ കരകയറ്റാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഉൾപ്പെടെ ലഭിക്കാത്തതും സ്ഥാപനത്തിന്‍റെ പ്രതിസന്ധി വർധിപ്പിക്കുകയാണ്.
155 ജീവനക്കാരാണ് കമ്പനിയിലുള്ളത്. പി.എഫ് ഉൾപ്പെടെ സ്റ്റാറ്റ്യൂട്ടറി കുടിശ്ശിക കൊടുത്തുതീർക്കാൻ 2.5 കോടിയും പ്രവർത്തന മൂലധനമായി കഴിഞ്ഞ ബജറ്റിൽ 1.5 കോടിയും സർക്കാർ അനുവദിച്ചിരുന്നെങ്കിലും ആ തുക ഇതുവരെ ലഭിച്ചിട്ടില്ല. ഒമ്പതുമാസമായി ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുമില്ല. ജീവനക്കാരുടെ പി.എഫ് അടക്കാത്ത സാഹചര്യവുമുണ്ട്. ക്ലിങ്കർ ഇറക്കുമതി ചെയ്യാത്തതിനാൽ ഒന്നരമാസമായി ഉൽപാദനവും നിലച്ച അവസ്ഥയിലാണ്. ഈ ഭൂമി വിൽപനകൂടി നടന്നില്ലെങ്കിൽ കേരളത്തിന്‍റെ അഭിമാനമായിരുന്ന ഒരുസ്ഥാപനം കൂടി അടച്ചുപൂട്ടേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.