കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയത് പിൻവലിച്ചെന്ന് ദേവസ്വം ബോര്‍ഡ്
text_fieldsകൊച്ചി: കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹൈകോടതിയിലാണ് ദേവസ്വം ബോർഡ് ഇക്കാര്യം അറിയിച്ചത്. എരുമേലി ശ്രീധർമ ശാസ്ത ക്ഷേത്രം നടപ്പന്തലിന് സമീപം മൂന്ന് കണ്ണാടികൾ സ്ഥാപിച്ചിട്ടുണ്ടെന്നും ചന്ദനവും സിന്ദൂരവും സൗജന്യമായി തൊടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
ക്ഷേത്രത്തിനകത്ത് കുറി തൊടാൻ പത്ത് രൂപ വരെ ഭക്തരിൽ നിന്ന് ഫീസ് ഈടാക്കാൻ സ്വകാര്യ കക്ഷികൾക്ക് അവകാശം നൽകുന്നതിന് ടെൻഡർ വിളിച്ചതാണ് വിവാദമായത്. എരുമേലി ശ്രീധർമ ശാസ്ത ക്ഷേത്രം നടപ്പന്തലിൽ നാലിടത്ത് ചന്ദനവും കുങ്കുമവും ഭസ്മവും അടങ്ങിയ തട്ട് വെക്കാനുള്ള അവകാശമാണ് ടെൻഡർ ചെയ്തു നൽകാനൊരുങ്ങിയത്. ഇതിനെതിരെ എരുമേലി സ്വദേശികളായ മനോജ് എസ്. നായർ, അരുൺ സതീഷ് എന്നിവരാണ് ഹരജി നൽകിയത്.
ക്ഷേത്രത്തിന് അകത്താണോ കുറി തൊടാൻ പണം വാങ്ങുന്നതെന്ന് ആരാഞ്ഞ കോടതി, ഭക്തരെ ചൂഷണം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
ശബരിമലയിലേക്ക് പോകുന്ന തീർഥാടകർ എരുമേലി പേട്ട തുള്ളലും ക്ഷേത്രക്കടവിൽ കുളിയും കഴിഞ്ഞ് നെറ്റിയിലും ദേഹത്തും മറ്റും കുറി ചാർത്തി ദർശനം നടത്തുന്ന ആചാരം നിലവിലുള്ളതായി ഹരജിയിൽ പറയുന്നു. പല ക്ഷേത്രങ്ങളിലും സൗജന്യമായി നൽകുന്ന ചന്ദനവും കുങ്കുമവും ഭസ്മവും ഉപയോഗിച്ചാണ് ഭക്തർ കുറി തൊടുന്നത്. ഇതിന് പകരമായി ഭൂരിപക്ഷം ഭക്തരും ക്ഷേത്ര ഭണ്ഡാരത്തിൽ പണം ഇടാറുമുണ്ട്. എരുമേലിയിൽ ഈ തുക ദേവസ്വം ബോർഡിനാണ് ലഭിക്കുന്നതെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.