കായലോളങ്ങൾ കണ്ടാസ്വദിക്കാം; ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട് പദ്ധതി യാഥാർഥ്യത്തിലേക്ക്
text_fieldsആറ്റിങ്ങൽ: ടൂറിസം വികസന രംഗത്ത് വലിയ സാധ്യതകൾ തുറന്ന് ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട് പദ്ധതി യാഥാർഥ്യത്തിലേക്ക്. ജില്ലയുടെ കായലോര വിനോദ സഞ്ചാര വികസനത്തിനാണ് സംസ്ഥാന സർക്കാറിന്റെ പ്രത്യേക പദ്ധതിയായ ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട് പദ്ധതി നടപ്പാക്കുന്നത്. വക്കം പണയിൽ കടവ് കേന്ദ്രീകരിച്ച് ആവിഷ്കരിക്കുന്ന പദ്ധതിയുടെ പശ്ചാത്തല വികസന പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി.
തലസ്ഥാന ജില്ലയിലെ കായൽ ടൂറിസം സാധ്യത വികസിപ്പിക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട്. ചിറയിൻകീഴ്, കഴക്കൂട്ടം, വർക്കല മണ്ഡലങ്ങളിലെ കായലോര മേഖലകൾ ഉൾപ്പെടുന്ന രീതിയിൽ ബോട്ട് സർവിസിനും അനുബന്ധ പ്രവർത്തനങ്ങൾക്കും സൗകര്യമൊരുക്കും. കഠിനംകുളം അഞ്ചുതെങ്ങ് കായലുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള കായൽ ഇടനാഴി വിനോദ സഞ്ചാര പദ്ധതിയാണിത്. ഇതിനായി 8.85 കോടി രൂപയാണ് സർക്കാർ നൽകിയത്.
സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻലാൻഡ് നാവിഗേഷനാണ് പദ്ധതിയുടെ നിർമാണച്ചുമതല. പദ്ധതിയുടെ പ്രാരംഭ നടപടികൾക്കായി ഉൾനാടൻ ജലാശയ തീരങ്ങളിലെ ഏഴിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് മുൻഗണന നൽകിയിരുന്നു. ഇതനുസരിച്ച് മുരുക്കുംപുഴ, അഞ്ചൽക്കടവ്, കായിക്കര കടവ്, പണയിൽ കടവ്, പുത്തൻകടവ്, പൗണ്ട്കടവ് എന്നിവിടങ്ങളിൽ ബോട്ട് ജെട്ടിയും വി.എസ്.എസ്.ഇക്ക് സമീപം വേളിയിൽ ഒരു പ്രവേശന കവാടവുമാണ് നിർമിച്ചത്.
വിശാലവും മനോഹരവുമായ കഠിനംകുളം കായലും, അഞ്ചുതെങ്ങ് കായലും നിലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിച്ചുകൊണ്ടിരിക്കുകയാണ്.
ഹൗസ് ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, കയാക്കിങ്, അനുബന്ധ ജല കായിക വിനോദങ്ങളെല്ലാം ലഭ്യമാണ്. ഹൗസ് ബോട്ടുകൾ അടുപ്പിക്കാൻ സ്ഥിരമായ മികച്ച ബോട്ട് ജെട്ടികളുടെ അഭാവമുണ്ടായിരുന്നു. പുതിയ പദ്ധതിയോടെ അതിന് പരിഹാരമായി.
പ്രധാന സ്ഥലങ്ങളിലെല്ലാം ബോട്ടുജെട്ടി നിർമിച്ചുകഴിഞ്ഞു. കേരളീയ വാസ്തു മനോഹാരിതയിലാണ് ഈ പദ്ധതിയിലെ ബോട്ടുജെട്ടികൾ നിർമിച്ചിട്ടുള്ളത്. ടൂറിസം രംഗത്ത് വലിയ തോതിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുതകുന്നതാണ് പദ്ധതിയുടെ നിർവഹണ പുരോഗതി. നിലവിൽ ധാരാളം റിസോർട്ടുകളും ജലവിനോദോപാധികളും തീരമേഖലയിൽ യാഥാർഥ്യമായിക്കഴിഞ്ഞു.
കാണാം; കായൽ സൗന്ദര്യത്തിനപ്പുറം ചരിത്ര സ്മാരകങ്ങളും
ആറ്റിങ്ങൽ: കായൽ പരപ്പിന്റെ സൗന്ദര്യ ആസ്വാദനത്തിനപ്പുറം ചരിത്ര പ്രാധാന്യമേറിയ സ്ഥലങ്ങളും സ്മാരകങ്ങളും സന്ദർശിക്കാൻ കൂടി ഉതകുന്ന രീതിയിലാണ് പദ്ധതിയുടെ വിഭാവനം. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന അഞ്ചുതെങ്ങ് വലിയ പള്ളി, ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തിന് തുടക്കം കുറിച്ച ആദ്യകാലത്തെ അവരുടെ ഭരണകേന്ദ്രം കൂടിയായിരുന്ന അഞ്ചുതെങ്ങ് കോട്ട, മഹാകവി കുമാരനാശാന്റെ ജന്മനാടും സ്മാരകവും, ഐ.എൻ.എ ഭടനായിരുന്ന രക്തസാക്ഷി വക്കംഖാദർ സ്മാരകം, പ്രകൃതി ദത്ത മനോഹാരിത കൊണ്ട് ശ്രദ്ധേയവും കടലും കായലും ആറും സംഗമിക്കുന്ന സ്ഥലവുമായ മുതലപ്പൊഴി തുടങ്ങിയവയെല്ലാം ഈ പദ്ധതി പ്രദേശത്താണ്. ജൈവ വൈവിധ്യങ്ങളാൽ സമ്പുഷ്ടമായ പൊന്നും തുരുത്ത്, കണ്ടൽക്കാടുകളെല്ലാം ഈ മേഖലയിൽ ഉൾപ്പെടും.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ സാധ്യതകള്കൂടി ഉപയോഗിക്കുന്നതോടെ, ഈ നാട്ടിലുള്ളവര്ക്കും ടൂറിസത്തിലൂടെ വരുമാനം കണ്ടെത്താനാകും. വിനോദസഞ്ചാര മേഖലയെ തദ്ദേശീയ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീ ശാക്തീകരണത്തിനും ഉപയോഗപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ കഴിയും.
പരമ്പരാഗത തൊഴിൽ മേഖലകളായ മത്സ്യബന്ധനം, കയർ, കൈത്തറി ഈറ്റ പന ഉൽപന്ന നിർമാണമെല്ലാം ഈ മേഖലയിൽ സജീവമാണ്. ഇത് ഉത്തരവാദിത്ത ടൂറിസത്തിന് വലിയ സാധ്യത നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.