കോവിഡ് പ്രതിസന്ധി മറികടക്കാനാവാതെ ട്രാവൽ ഏജൻസികൾ
text_fieldsപഴയങ്ങാടി: കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്തെ ട്രാവൽ ഏജൻസി ഉടമകളുടെയും ജീവനക്കാരുടെയും ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. ലോക്ഡൗൺ നിയന്ത്രണത്തിൽ അടഞ്ഞ ട്രാവൽ ഏജൻസികൾ ഇനി തുറക്കാൻ അനുമതി ലഭിച്ചാലും പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു.
വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര നടത്തുന്നതിന് മിക്ക രാജ്യങ്ങളും വിലക്കേർപ്പെടുത്തിയതാണ് ട്രാവൽ ഏജൻസികൾക്ക് വിനയായത്. ഗൾഫ് രാജ്യങ്ങളിലക്കുള്ള യാത്രക്കാരെ ആശ്രയിച്ചുള്ള ബിസിനസിനെയാണ് സംസ്ഥാനത്തെ ട്രാവൽ ഏജൻസികൾ പ്രധാനമായും അവലംബിക്കുന്നത്. സൗദി അറബ്യ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തിയ രാജ്യങ്ങളാണ്. ഏറ്റവും ഒടുവിലായി യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ യാത്രവിലക്ക് ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.
കോവിഡ് ഒന്നാം തരംഗത്തിൽ ലോക്ഡൗണിെൻറ ആദ്യഘട്ടത്തിൽ ഏറ്റവും ആദ്യം അടഞ്ഞതും ഇളവുകളുടെ ബലത്തിൽ ഏറ്റവും അവസാനം തുറക്കാനായതും ട്രാവൽ ഏജൻസികൾക്കും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കുമാണ്. 2020 മാർച്ചിൽ അടഞ്ഞ ഏജൻസികൾക്ക് മാസങ്ങളോളം തുറക്കാൻ കഴിയാതായതോടെ നിരവധി ഏജൻസികൾ സാമ്പത്തിക പ്രതിസന്ധിയൽ രംഗം വിട്ടു. അവശേഷിച്ചവ ജീവനക്കാരെ കുറച്ചും ഭാഗികമായി തുറന്നും പ്രവർത്തനമാരംഭിച്ചിട്ട് നാലുമാസം തികയും മുമ്പാണ് വീണ്ടും അടച്ചിടേണ്ടിവന്നത്.
2020ൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും സർവിസ് നടത്തുന്ന വിമാന കമ്പനികൾക്ക് ഷെഡ്യൂളുകൾ പുറത്തിറക്കാനോ സമയബന്ധിതമായി സർവിസ് നടത്താനോ സാധ്യമായിരുന്നില്ല. 2020 ജൂലൈ മുതൽ എയർ ഇന്ത്യ എക്സ്പ്രസടക്കമുള്ള വിമാനങ്ങൾ ഭാഗികമായി സർവിസ് നടത്തിയത് ചാർട്ടേഡ് ഫ്ലൈറ്റുകളായാണ്. ഇതിൽ ഭൂരിഭാഗവും യു.എ.ഇ യിലേക്കായിരുന്നു.
2020ലെ ലോക്ഡൗണിൽ മുടങ്ങുകയും സർവിസുകൾ പുനരാരംഭിച്ചപ്പോൾ യാത്രക്കാർ ൈകയൊഴിയുകയും ചെയ്ത ആഭ്യന്തര വിമാന സർവിസുകൾ ഏതാനും മാസങ്ങളായി പ്രതീക്ഷയിലായിരുന്നു. രാജ്യത്തെ ടൂറിസം മേഖല ഉണരുകയും യു.എ.ഇയിലേക്കുള്ള സന്ദർശക വിസക്കാർ വർധിക്കുകയും ചെയ്തതിനെ തുടർന്ന് വീണ്ടും ട്രാവൽ ഏജൻസികൾ സജീവമാകുന്നതിനിടയിലാണ് കോവിഡ് രണ്ടാം തരംഗത്തിൽ എല്ലാ പ്രതീക്ഷകളും കരിഞ്ഞത്.
2020 മാർച്ചിന് മുമ്പെടുത്ത ടിക്കറ്റുകളുടെ തുക പോലും ഇനിയും തിരിച്ചുകിട്ടാത്ത ട്രാവൽ ഏജൻസികൾ നിരവധിയാണ്. ഇവയുടെ റീഫണ്ടിനെ കുറിച്ച് ചില വിമാന കമ്പനികൾ കൃത്യമായ വിശദീകരണവും നൽകുന്നില്ല. റീഫണ്ട് നൽകാനാവാത്തതിനാൽ യാത്രക്കാരെ അഭിമുഖീകരിക്കാൻ കഴിയാത്തതും ഏജൻസികൾക്ക് പ്രശ്നമാവുകയാണ്.
സംസ്ഥാനത്ത് ഏതാണ്ട് 700ഒാളം അയാട്ട ഏജൻസികളും 6000ത്തോളം നോൺ അയാട്ട ഏജൻസികളുമുണ്ട്. ഏതാണ്ട് 30,000ൽപരം ജീവനക്കാരുമുണ്ട് ഈ മേഖലയിൽ. സംസ്ഥാനത്ത് അസംഘടിതരായ ജീവനക്കാരുള്ള അപൂർവം മേഖലകളിലൊന്നാണിത്. അതിനാൽ തന്നെ ജീവനക്കാർക്കും ഉടമകൾക്കും സർക്കാറിൽ നിന്ന് ഒരു പരിരക്ഷയും ലഭിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.