'യാത്രാ കൺസെഷൻ നാണക്കേട്'; ഗതാഗത മന്ത്രി പ്രസ്താവന പിൻവലിക്കണമെന്ന് വിദ്യാർഥി സംഘടനകൾ
text_fieldsതിരുവനന്തപുരം: വിദ്യാർഥി കൺസെഷൻ കൊടുത്ത് ബസുകളിൽ യാത്ര ചെയ്യുന്നത് വിദ്യാർഥികൾക്ക് തന്നെ അപമാനമാണെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനക്കെതിരെ വിവിധ വിദ്യാർഥി സംഘടനകൾ. എസ്.എഫ്.ഐ അടക്കമുള്ള സംഘടനകൾ മന്ത്രി പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
എസ്.എഫ്.ഐ
വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർഥികളുടെ അവകാശമാണ് വിദ്യാർഥി ബസ് കൺസഷൻ. അത് വർധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസെഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണ്. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ സർക്കാറിന്റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം തിരുത്താൻ മന്ത്രി തയാറാകണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, സെക്രട്ടറി അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
കെ.എസ്.യു
മന്ത്രിയുടെ പ്രസ്താവന വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആരോപിച്ചു. പ്രസ്താവന പിൻവലിക്കാൻ മന്ത്രി തയാറാകണം. മന്ത്രി മാളികയിൽ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, അധികാരം കൈയിലുണ്ടെന്ന അഹങ്കാരത്തിൽ വിദ്യാർഥി സമൂഹത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയാറാകുന്നതെങ്കിൽ അത്തരം നടപടികളെ പ്രതിരോധിക്കാനും, തിരുത്തിക്കാനും കെ.എസ്.യു മുന്നിലുണ്ടാകും.
വിദ്യാർഥി കൺസഷൻ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്. അത് നേടിയെടുത്തത് കെ.എസ്.യുവാണെന്നും സംസ്ഥാന കമ്മിറ്റി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ.എസ്.യു തിങ്കളാഴ്ച നിയോജക മണ്ഡലം തല പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
എ.ഐ.എസ്.എഫ്
കൺസഷൻ നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വിദ്യാർഥി വിരുദ്ധമാണെന്നും കേരളത്തിന് നാണക്കേടായ മന്ത്രി നിരുപാധികം മാപ്പ് പറയണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത യാത്രാവകാശത്തെ പരിഹസിച്ച മന്ത്രിയുടെ പ്രസ്താവന വിദ്യാർഥി സമൂഹത്തെ അപമാനിക്കലാണ്.
വിദ്യാർഥി വിരുദ്ധമായ സമീപനത്തിൽനിന്നും മന്ത്രി പിന്നോട്ട് പോകണമെന്നും പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി. കബീറും സെക്രട്ടറി ജെ. അരുൺ ബാബുവും ആവശ്യപ്പെട്ടു.
എം.എസ്.എഫ്
വിദ്യാർഥിയുടെയും രൂപയുടെയും മൂല്യമറിയാത്ത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന തീർത്തും അപഹാസ്യമാണെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. നാളെയുടെ വാഗ്ദാനങ്ങളെന്നും പ്രതീക്ഷകളെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് വേളകളിൽ വിദ്യാർത്ഥികളോട് സംവദിച്ചവർക്ക്, ഇന്ന് അവർ നൽകുന്ന നാണയ തുട്ട് പോലും നാണക്കേട് ആണത്രേ. വിദ്യാർഥികളെ അപമാനിച്ച മന്ത്രി വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയാൻ തയാറാകണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്മെന്റ്
യാത്രാ കൺസെഷൻ നൽകുന്നത് വിദ്യാർഥികൾക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാർഥികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും, പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
യാത്രാ കൺസെഷൻ മുതലാളിമാരുടെ ഔദാര്യം കണക്കെ പെരുമാറുന്ന ബസ് ഉടമകളുടെ സ്വരമാണ് ആന്റണി രാജുവിന്റേതും. യാത്രാ കൺസെഷൻ മുതലാളിമാരുടെയോ ഭരണകൂടത്തിന്റെയോ ഔദാര്യമല്ല, മറിച്ചു വിദ്യാർഥികളുടെ അവകാശമാണ് എന്നും മന്ത്രി മനസിലാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് വ്യക്തമാക്കി.
ബസ് മുതലാളിമാരുടെ പ്രതിസന്ധി പരിഹരിക്കേണ്ടത് വിദ്യാർഥികളുടെ തലയിൽ ഭാരം കെട്ടി വെച്ചല്ല. പ്രസ്താവന തിരുത്താൻ മന്ത്രി തയാറല്ല എങ്കിൽ വിദ്യർഥികളെ അണിനിരത്തി നേരിടുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് അറിയിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ആക്ടിംഗ് പ്രസിഡന്റ് കെ.എം. ഷെഫ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്. മുജീബുറഹ്മാൻ, കെ.കെ. അഷ്‌റഫ്, അർച്ചന പ്രജിത്ത്, സംസ്ഥാന ഭാരവാഹികളായ മഹേഷ് തോന്നയ്ക്കൽ, ഫസ്ന മിയാൻ, അമീൻ റിയാസ്, ശഹീൻ ശിഹാബ്, പി.എച്ച്. ലത്തീഫ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
കാംപസ് ഫ്രണ്ട്
വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വിദ്യാർഥികൾക്ക് തന്നെ നാണക്കേടാണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരാമർശം വിദ്യാർഥികളെ അപമാനിക്കുന്നതാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി ആരോപിച്ചു. മന്ത്രി മന്ദിരത്തിലിരുന്ന് സർക്കാറിന്റെ ആനുകൂല്യം പറ്റുന്ന മന്ത്രിക്ക് സാധാരണക്കാരായ വിദ്യാർഥികളുടെ പ്രശ്നങ്ങൾ മനസ്സിലാവണമെന്നില്ല. മന്ത്രിയുടെ പ്രസ്താവന വിദ്യാർഥികളുടെ ചാർജ് വർധിപ്പിക്കുന്നതിനായി മുൻകൂട്ടി തയാറാക്കിയ അജണ്ടയുടെ ഭാഗമാണ്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും സാധാരണക്കാരായ വിദ്യാർഥികൾക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യേണ്ട മന്ത്രി ബസ് മുതലാളിമാരുടെ ഏജന്റാവുന്നത് അപമാനകരവും അംഗീകരിക്കാനാവാത്തതുമാണ്.
കൺസെഷൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേടാണെന്നും പല വിദ്യാർഥികളും അഞ്ചു രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാതെ പോകുന്ന സാഹചര്യമാണുള്ളതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന യാഥാർത്യങ്ങളെ ഉൾകൊള്ളാത്തതാണ്. കൺസെഷനായി മിനിമം അഞ്ച് രൂപ നൽകിയില്ലെങ്കിൽ പലയിടങ്ങളിലും ബസുകളിൽ വിദ്യാർഥികളെ കയറ്റാത്ത സാഹചര്യമാണുള്ളത്.
പലയിടങ്ങളിലും ഭയം കൊണ്ടും നിവർത്തികേടുകൊണ്ടും മാത്രം അഞ്ച് രൂപ നൽകി ബാക്കി ചോദിക്കാൻ സാധിക്കാതെ യാത്ര ചെയ്യേണ്ട ദുരവസ്ഥയാണ്. ആൻറണി രാജു വിദ്യാർഥി വിരുദ്ധ പ്രസ്താവന പിൻവലിക്കണമെന്നും കൺസെഷൻ വർധിപ്പിച്ചാൽ വിദ്യാർഥികളെ അണിനിരത്തി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഫായിസ് കണിച്ചേരി കൂട്ടിച്ചേർത്തു.
എ.ബി.വി.പി
ഗതാഗത മന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എൻ.സി.ടി ശ്രീഹരി ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ അവകാശമാണ് ബസ് കൺസെഷൻ. ബസ് മുതലാളിമാർക്ക് ഓശാന പാടി വിദ്യാർഥി കൺസഷൻ തോന്നുംപടിയാക്കാമെന്ന് മന്ത്രി ധരിച്ചുവെക്കരുത്. വിദ്യാർഥികളെ രണ്ടാംകിട പൗരന്മാരായിട്ടാണ് പല ബസ് ജീവനക്കാരും കാണുന്നത്. പല പ്രൈവറ്റ് ബസുകാരും അവരുടെ ഔദാര്യമെന്ന നിലയിലാണ് വിദ്യാർഥികളെ ബസിൽ കയറ്റുന്നത്.
പ്രൈവറ്റ് ബസിലുള്ള വിദ്യാർഥികളുടെ യാത്ര ബസ് ജീവനക്കാരുടെ സൗജന്യമോ ഔദാര്യമോ അല്ല. വിദ്യാർഥികളുടെ അവകാശമാണ്. സീറ്റുണ്ടെങ്കിലും ബസിൽ വിദ്യാർഥികൾ ഇരിക്കാൻ പാടില്ലെന്നതാണ് ഇവിടത്തെ പ്രൈവറ്റ് ബസുകാരുടെ നിയമം. പൊരിവെയിലത്തും വിദ്യാർഥികൾ ഊഴംകാത്ത് ബസ് വാതിൽക്കൽ നിൽക്കുന്നത് ബസ് സ്റ്റോപ്പുകളിലെ നിത്യകാഴ്ചയാണ്. ഇതൊക്കെ സഹിക്കുന്ന വിദ്യാർത്ഥി സമൂഹത്തെ വിഡ്ഢികളാക്കുന്നതാണ് ഗതാഗത മന്ത്രിയുടെ ഇന്നത്തെ പ്രസ്താവന.
തീർത്തും നിരുത്തരവാദിത്വപരമായ പ്രസ്താവന പിൻവലിച്ച് വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയാൻ മന്ത്രി തയാറാവണം. ധിക്കാരപരമായ നിലപാടുമായിട്ടാണ് മന്ത്രി മുന്നോട്ട് പോകുന്നതെങ്കിൽ ഗതാഗത മന്ത്രിയെ എ.ബി.വി.പി വഴിയില്‍ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.