സഞ്ചാരദൂരം: സ്വകാര്യ ബസുകളുടെ സമരാവശ്യം നിയമവിരുദ്ധം
text_fieldsതിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാനിരക്കിനൊപ്പം അനിശ്ചിതകാല പണിമുടക്കിന് കാരണമായി സ്വകാര്യ ബസുടമകൾ ഉന്നയിക്കുന്ന സഞ്ചാരദൂരം വർധിപ്പിക്കണമെന്ന ആവശ്യം നിയമവിരുദ്ധം. സ്വകാര്യബസുകൾക്ക് അനുവദനീയ ദൂരപരിധി 140 കിലോമീറ്റർ മാത്രമാണ്. എന്നാൽ, ഈ പരിധിയിൽ കൂടുതൽ ഓടാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചാണ് അടുത്ത മാസം ഏഴ് മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനയില്ലെങ്കിൽ ദൂരിപരിധി മറികടന്നുള്ള പെർമിറ്റ് എന്ന സമ്മർദതന്ത്രമാണ് ബസുടമകൾ പയറ്റുന്നത്. 1980 മുതൽ തുടങ്ങി വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ദീർഘദൂര പെർമിറ്റുകളും സൂപ്പർ ക്ലാസ് സർവിസും കെ.എസ്.ആർ.ടി.സിക്ക് മാത്രമായി കോടതി പരിമിതപ്പെടുത്തിയത്.
ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വിസുകളെയും 2013 ൽ കെ.എസ്.ആർ.ടി.സിക്ക് മാത്രമാക്കി. ഇതിന്റെ ഫലമായി പെര്‍മിറ്റ് നഷ്ടപ്പെട്ട 241 സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാണ് 2016 ഫെബ്രുവരിയില്‍ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി എന്ന പേരിൽ പെർമിറ്റ് അനുവദിച്ചത്. മോട്ടോർ വാഹനച്ചട്ട പ്രകാരം ഓർഡിനറി സർവിസുകളുടെ റൂട്ടിന്റെ പരമാവധി ദൂരം 140 കിലോമീറ്ററാണ്.
ഒപ്പം ഫെയർ സ്റ്റേജുകൾക്കിടയിലെ മുഴുവൻ സ്റ്റോപ്പുകളിലും നിർത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ നിബന്ധനകൾ എടുത്തുകളഞ്ഞാണ് ലിമിറ്റഡ് സ്റ്റോപ് ഓർഡിനറികൾക്ക് അനുമതി നൽകിയത്. ഈ പെർമിറ്റുകളുടെ കാലാവധി കഴിയുകയും ചെയ്തു.
ഇത്തരത്തിൽ ഓടിയിരുന്ന സർവിസുകൾക്ക് വീണ്ടും പെർമിറ്റ് പുതുക്കിക്കിട്ടണമെന്ന ആവശ്യവുമായാണ് ഇപ്പോൾ സ്വകാര്യബസുകൾ പണിമുടക്കുന്നത്.സ്വകാര്യബസുകൾക്ക് എത്ര ദൂരവും സർവിസ് നടത്താമെന്നത് കെ.എസ്.ആർ.ടി.സിയുടെ നിലനിൽപിനെ ബാധിക്കുകയും ചെയ്യും.
മാത്രമല്ല, ദേശസാത്കൃത റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ മുന്നിലും പിന്നിലുമായി സ്വകാര്യ ബസുകൾ ഓടുന്ന സ്ഥിതിയാകും ഉണ്ടാകുക. സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ സഞ്ചരിക്കുന്നതിനെക്കാള്‍ ദൂരം സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയാലും നിലവില്‍ നിയമപരമായ സര്‍ക്കാറിന് ഒന്നും ചെയ്യാനാവില്ല.
പെർമിറ്റ് നീട്ടിയാല്‍ അത് കെ.എസ്.ആര്.ടി.സിക്ക് കനത്ത തിരിച്ചടിയാകുമെന്നായിരുന്നു മാനേജ്മെന്റിന്റെയും ട്രേഡ് യൂനിയനുകളുടെയും നിലപാട്.മോട്ടോര്‍ വാഹനച്ചട്ടപ്രകാരം ഓര്‍ഡിനറി സര്‍വിസുകളുടെ റൂട്ടിന്റെ പരമാവധി ദൂരം 140 കിലോമീറ്ററാണ്. ഒപ്പം ഫെയര്‍ സ്റ്റേജുകള്ക്കിടയിലെ മുഴുവന്‍ സ്റ്റോപ്പുകളിലും നിര്‍ത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.