കുതിരാൻ തുരങ്കത്തിലൂടെ ഇനി ഇരുവശത്തേക്കും യാത്ര
text_fieldsതൃശൂർ: തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാനിലെ ഒന്നാം തുരങ്കത്തിലൂടെ ഇരുവശത്തേക്കും ഗതാഗതം അനുവദിക്കാനുള്ള പരീക്ഷണം വിജയം. രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമാണത്തിനായി നിലവിൽ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്ന പാത പൊളിച്ചുനീക്കാനാണ് ഗതാഗതക്രമീകരണം ഏർപ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ട്രയൽറൺ തീരുമാനിച്ചിരുന്നതെങ്കിലും പത്തോടെയാണ് തുടങ്ങിയത്. വാഹനങ്ങൾ കുരുക്കില്ലാതെ കടന്നുപോയി. നേരത്തേ പാലക്കാട്ടുനിന്ന് തൃശൂരിലേക്കുള്ള വാഹനങ്ങൾ മാത്രമാണ് തുരങ്കത്തിലൂടെ കടത്തിവിട്ടിരുന്നത്. ഇനി, തൃശൂരിൽനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളും തുരങ്കത്തിലൂടെ കടന്നുപോകണം. ഇതോടെ നിലവിലുള്ള പഴയ റോഡ് അടച്ചു.
വഴുക്കുംപാറ മുതൽ റോഡിന് നടുവിൽ തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മുഴുവൻ സമയവും തുരങ്കത്തിനകത്തും റോഡുകളിലും പൊലീസുകാർ ഡ്യൂട്ടിയിലുണ്ടാകും. എ.സി.പി കെ.സി. സേതു, പീച്ചി സി.ഐ എസ്. ഷുക്കൂർ, കരാർ കമ്പനി പി.ആർ.ഒ അജിത് പ്രസാദ് തുടങ്ങിയവർ ട്രയൽ റൺ നടപടികൾക്ക് നേതൃത്വം നൽകി. രണ്ടാം തുരങ്കം ഏപ്രിലിനുള്ളിൽ തുറക്കാൻ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. 95 ശതമാനം ജോലികളും പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.