വനപാതകളിൽ ഭീതിപരത്തി കടുവ
text_fieldsപുല്‍പള്ളി: വാഹനത്തിരക്കേറിയ വനപാതയിൽ കടുവയുടെ നിരന്തര സാന്നിധ്യം യാത്രക്കാർക്ക് ഭീഷണിയാവുന്നു. പുൽപള്ളി-ബത്തേരി റൂട്ടിൽ പാമ്പ്രയിലാണ് കടുവശല്യം രൂക്ഷം. ആഴ്ചകളായി ചീയമ്പം 73ല്‍ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വ്യാഴാഴ്ച ഉച്ചയോടെ ബത്തേരി-പുല്‍പള്ളി റോഡിലെ വനപാതയില്‍ ഇരുളം പാമ്പ്ര പുകലമാളം വനമേഖലയോട് ചേര്‍ന്ന പാതയോരത്ത് വഴിയാത്രക്കാര്‍ കടുവയെ കണ്ടു.
ഇരുചക്ര വാഹനങ്ങളില്‍ പോവുകയായിരുന്ന നിരവധി പേരാണ് കടുവയെ കണ്ടത്. ഇതില്‍ ഒരു വഴിയാത്രക്കാരനാണ് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരുമാസത്തോളമായി പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമാണ്. ദിവസങ്ങള്‍ക്കുമുമ്പ് ബത്തേരിയില്‍ നിന്നുവരുകയായിരുന്ന ബാങ്ക് ജീവനക്കാരിക്കുനേരെ കടുവ പാഞ്ഞടുത്തിരുന്നു.
തലനാരിഴക്കാണ് ഈ സ്ത്രീ രക്ഷപ്പെട്ടത്. ഒരു ഭാഗത്ത് എസ്റ്റേറ്റും മറുഭാഗത്ത് വനവുമുള്ള പ്രദേശമാണിവിടം. അതുകൊണ്ട് തന്നെ കടുവ പതുങ്ങിയിരുന്നാല്‍ അറിയാത്ത അവസ്ഥയാണുള്ളത്. കടുവയെ കണ്ടതോടെ ഇരുളം, മാതമംഗലം, പൊകലമാളം, പാമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്.
സാധാരണ ഉള്‍വനങ്ങളില്‍ കാണാറുള്ള കടുവയെ പാതയോരത്ത് കണ്ടതോടെ വഴിയാത്രക്കാരും ആശങ്കയിലാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് പുല്‍പള്ളി കതവാക്കുന്നില്‍ കടുവ യുവാവിനെ കൊന്ന് ഭക്ഷിച്ചത്. കടുവയെ പിടികൂടുന്നുന്നതിനായി രണ്ടിടത്ത് കൂടുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന കടുവയെ കൂടുവെച്ച് പിടികൂടി ഉള്‍വനങ്ങളില്‍ കൊണ്ടുപോയി വിടണമെന്നാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ വർഷം റോഡിന് കുറുകെ കടുവ ഓടുന്ന ദൃശ്യം വൈറലുമായിരുന്നു. ഈ വഴി വാഹനങ്ങളിൽ വരുമ്പോൾ കടുവയെ കാണുന്നത് പതിവുകാഴ്ചയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.