വിദേശ പഠനവിസ വാഗ്ദാനം നൽകി 10 ലക്ഷം തട്ടിയക്കേസിൽ ട്രാവൽസ് ഉടമ അറസ്റ്റിൽ
text_fieldsതിരുവല്ല: വിദേശ പഠനവിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയക്കേസിൽ ട്രാവൽസ് ഉടമയായ യുവതി അറസ്റ്റിൽ. റാന്നി വെച്ചൂച്ചിറ കോളശ്ശേരി വീട്ടിൽ കെ. രാജിനെ (40) ആണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ഞാടിയിലെ വാടകവീട്ടിൽ നിന്നാണ് രാജിനെ കസ്റ്റഡിയിലെടുത്തത്.
യുവതി വർഷങ്ങളായി തിരുവല്ലയിൽ ഒലീവിയ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനം നടത്തി വരികയാണ്. ചുനക്കര സ്വദേശിയായ വിദ്യാർഥിയുടെ പരാതിയിലാണ് അറസ്റ്റ്. വിദ്യാർഥിയിൽ നിന്നും വിദേശ പഠന വിസ നൽകാമെന്നറിയിച്ച് 10 ലക്ഷം വാങ്ങുകയും ഒരു വർഷമായിട്ടും വിസയോ പണമോ നൽകാതെ കബളിപ്പിച്ചെന്നാണ് പരാതി.
ഇവർക്കെതിരേ റാന്നി, വർക്കല, കഴക്കൂട്ടം സ്റ്റേഷനുകളിലായി സമാനമായ കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദിന്‍റെ നേതൃത്വത്തിൽ സി.ഐ ബി.കെ സുനിൽ കൃഷ്ണൻ, എസ്.ഐ മുഹമ്മദ് സാലി, സീനിയർ സി.പി.ഒ എ. നാദിർഷാ, സി.പി.ഒമാരായ മനോജ്, അഭിലാഷ്, പാർവ്വതി കൃഷ്ണൻ എന്നിവരാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.