വീണ്ടും ട്രഷറി നിയന്ത്രണം ബിൽ മാറ്റ പരിധി അഞ്ചു ലക്ഷമാക്കി
text_fieldsതിരുവനന്തപുരം: കടമെടുപ്പിന് വഴിയടഞ്ഞതും ഓണച്ചെലവുകൾ വഴിയുണ്ടായ ധനപ്രതിസന്ധിയും മറികടക്കുന്നതിന് സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ദൈനംദിന ചെലവുകൾക്ക് അഞ്ചുലക്ഷം രൂപയിൽ കൂടുതൽ പാസാക്കരുതെന്നാണ് ട്രഷറികൾക്ക് രേഖാമൂലം നൽകിയ നിർദേശം. 25 ലക്ഷം രൂപ വരെ പാസാക്കാൻ അനുമതിയുണ്ടായിരുന്നത് അഞ്ചു ലക്ഷമായി വെട്ടിക്കുറച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും ഇതു ബാധകമാണ്. കരാറുകാരുടെയും മറ്റും ബില്ലുകൾ മാറാനുള്ള പരിധിയും അഞ്ചുലക്ഷമാക്കി.
ഏറെക്കാലമായി അഞ്ചു ലക്ഷമായിരുന്ന ബിൽ മാറ്റ പരിധി ജൂൺ 24 നാണ് 25 ലക്ഷമാക്കിയത്. സാമ്പത്തിക പ്രതിസന്ധി കനത്തതോടെയാണ് വീണ്ടും പഴയപടി നിയന്ത്രണമേർപ്പെടുത്തിയത്. അതേസമയം ശമ്പളം, പെൻഷൻ, മരുന്നുവാങ്ങൽ ചെലവുകൾ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ സാമ്പത്തിക വർഷം കേരളത്തിന് ആകെ കടമെടുക്കാനാകുന്നത് 37,512 കോടി രൂപയാണ്. ഏപ്രിൽ മുതൽ ഡിസംബർ വരെയും ജനുവരി മുതൽ മാർച്ച് വരെയും രണ്ട് ഘട്ടങ്ങളിലായാണ് കേന്ദ്രം വായ്പാനുമതി നൽകുന്നത്.
ഇതിൽ ഡിസംബർ വരെ എടുക്കാവുന്ന 21,253 കോടി രൂപയും എടുത്ത് കഴിഞ്ഞു. സഹകരണ കൺസോർട്യത്തിൽനിന്ന് 1000 കോടി നിക്ഷേപമായി സ്വീകരിച്ചതടക്കം സാമ്പത്തിക ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ ആവശ്യം കണക്കിലെടുത്ത് ഓണക്കാലത്ത് കേന്ദ്രം അനുമതി നൽകിയ 4200 കോടിയുടെ വായ്പയിൽ 3000 കോടിയും എടുത്തുകഴിഞ്ഞു. അക്കൗണ്ടന്റ് ജനറൽ സമർപ്പിച്ച പബ്ലിക് അക്കൗണ്ടിലെ കണക്കുകൾ കൂടി പരിശോധിച്ച ശേഷമാണ് 4200 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയത്. പബ്ലിക് അക്കൗണ്ടിലെ തുക കൂടി സംസ്ഥാന സർക്കാറിന്റെ കടമായാണു കേന്ദ്രം കണക്കാക്കുന്നത്. പബ്ലിക് അക്കൗണ്ടിലെ നിക്ഷേപം കൂടി പരിശോധിച്ച ശേഷമായിരുന്നു കേന്ദ്രത്തിന്റെ അനുമതി. പക്ഷേ, അതുകൊണ്ട് ഡിസംബർ വരെ എത്താനാവാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് ചെലവുകൾക്ക് കടിഞ്ഞാണിടാൻ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.