ബില്ലുകളുടെ കുത്തൊഴുക്ക് തടയാൻ ട്രഷറി നിയന്ത്രണം
text_fieldsതിരുവനന്തപുരം: മാർച്ചിലെ ബില്ലുകളുടെ കുത്തൊഴുക്ക് നേരിടാൻ ട്രഷറികളിൽ കടുത്ത നിയന്ത്രണം. മാർച്ച് 25ന് വൈകീട്ടു അഞ്ചുവരെ സമർപ്പിക്കുന്ന ബില്ലുകളും ചെക്കുകളും മാത്രമേ സ്വീകരിക്കേണ്ടതുള്ളൂവെന്നാണ് ട്രഷറി ഡയറക്ടറുടെ നിർദേശം. ഫലത്തിൽ ഞായറാഴ്ചയടക്കം രണ്ടു ദിവസങ്ങളേ ബില്ലുകൾ സമർപ്പിക്കാൻ ശേഷിക്കുന്നുള്ളൂ.
വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും നൽകുന്ന ബില്ലുകൾ മുൻഗണന അടിസ്ഥാനത്തിൽ ക്യൂവിലേക്ക് മാറ്റാനും നിർദേശമുണ്ട്. ശനിയാഴ്ച രാവിലെ മുതൽ സമർപ്പിക്കുന്ന പ്ലാൻ ശീർഷകങ്ങളിലെ ബില്ലുകളാണ് ഇത്തരത്തിൽ ടോക്കൺ നൽകുന്നത്. ടോക്കൺ രജിസ്റ്ററിൽ ക്രമ നമ്പർ, സ്ഥാപനത്തിന്റെ പേര്, തുക, ഫിസിക്കൽ ബിൽ-ചെക്ക് ട്രഷറിയിൽ സമർപ്പിച്ച തീയതി, സമയം എന്നിവ രേഖപ്പെടുത്തിയാകും ക്രമീകരണം. ധനവകുപ്പ് നിർദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ തദ്ദേശ സ്ഥാപനങ്ങൾക്ക് അഡ്വാൻസ് അനുവദിക്കാൻ പാടുള്ളൂ. ട്രഷറി അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിക്കുന്നതിനും ടോക്കൺ സംവിധാനമേർപ്പെടുത്തി. ഡി.ഡി.ഒമാർക്ക് അഡ്വാൻസ് ബില്ലുകൾ മാറുന്നതിന് ധനവകുപ്പിന്റെ അനുമതി ആവശ്യമാണെന്നതാണ് മറ്റൊന്ന്. കേരളോത്സവം, പരീക്ഷ നടത്തിപ്പ് തുടങ്ങിയ അനിവാര്യമായ ചെലവുകൾക്കുള്ള മുൻകൂർ പണം ചെലവഴിക്കലുകളാണ് ഈ ഇനത്തിൽ വരുന്നത്.
സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പായി അന്തിമ വൗച്ചറുകൾ സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇൻവോയിസിന്റെ അടിസ്ഥാനത്തിലുള്ള അഡ്വാൻസുകൾ അനുവദിക്കില്ല. പർച്ചേസുകളിൽ ജി.എസ്.ടി ഉൾപ്പെടെ യഥാർഥ ബിൽ ഹാജരാക്കിയാലേ തുക അനുവദിക്കൂ.
ട്രഷറി നിയന്ത്രണത്തെ തുടർന്ന് തടഞ്ഞുവെച്ചതിൽ രണ്ടു മാസത്തെ ബില്ലുകൾ പാസാക്കാൻ കഴിഞ്ഞയാഴ്ചയാണ് നിർദേശം നൽകിയത്. രണ്ടു മാസങ്ങളിലേതുമായി 1303 കോടിയാണ് നീക്കിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.