ട്രഷറി തട്ടിപ്പ്കേസ് ; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വേഷിക്കേണ്ടെന്ന ധനമന്ത്രി തോമസ് ഐസക്കിെൻറ ശിപാർശ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയായിരുന്നു. നേരേത്ത കേസ് വിജിലൻസിന് കൈമാറണമെന്നായിരുന്നു പൊലീസിെൻറ ശിപാർശ. എന്നാൽ ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം മതിയെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ട്രഷറിയിൽ നടപ്പാക്കിയ സോഫ്റ്റ്വെയറിലെ തകരാർ ഉൾപ്പെടെ കാര്യങ്ങളിൽ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാലാണ് വിജിലൻസ് അന്വേഷണം അട്ടിമറിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷം ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം വഞ്ചിയൂർ ട്രഷറിയിൽനിന്ന് ട്രഷറി ജീവനക്കാരൻ ബിജുലാൽ 2.73 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ബിജുവിനെയും ഭാര്യെയയും പ്രതിചേർത്താണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ബിജുലാലിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂരിൽ മാത്രമല്ല മിക്ക ട്രഷറിയിലും ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ബിജു തന്നെ അന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. മുമ്പും ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയിരുന്നെന്നും അയാൾ സമ്മതിച്ചിരുന്നു.
അതിെൻറ അടിസ്ഥാനത്തിൽ ട്രഷറികളിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്താൻ പൊലീസ് സർക്കാറിനോട് ശിപാർശ ചെയ്തു. ഇതുസംബന്ധിച്ച സിറ്റി പൊലീസ് കമീഷണറുടെ ശിപാർശ ആഭ്യന്തരവകുപ്പിന് ലഭിക്കുകയും ചെയ്തിരുന്നു.
ട്രഷറിവിഭാഗത്തിലെ ഉന്നതർ ഉൾപ്പെടെ കുടുങ്ങുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് കൃത്യമായി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം ബിജുലാലിന് ജാമ്യം ലഭിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.