ട്രഷറി തട്ടിപ്പ്: ധനമന്ത്രിയുടെ പങ്ക് വിജിലൻസ് അന്വേഷിക്കണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് ഉദ്യോഗസ്ഥൻ പണം തട്ടിയ കേസിൽ ധനമന്ത്രി തോമസ് ഐസകിെൻറ പങ്ക് വിജിലൻസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം വിവിധ ട്രഷറികളിൽ നിന്നായി നിരവധി തവണ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പാർട്ടി താല്പര്യം മുൻനിർത്തി കുറ്റവാളികളെ സംരക്ഷിക്കുകയും, തിരിമറി ഒതുക്കി തീർക്കുകയുമാണ് സർക്കാർ ചെയ്തുവരുന്നതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
തിരിമറി നടന്നതിൽ ട്രഷറി ഡയറക്ടർക്കും, ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്കിനുമുള്ള പങ്ക് സ്വതന്ത്രമായും, സുതാര്യമായും അന്വേഷിക്കണം. അതിന് വകുപ്പുതല അന്വേഷണമെന്ന പ്രഹസനം പര്യാപ്തമല്ല.
ഇതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരിൽ ഒരാൾ നിലവിൽ സമാനമായ കുറ്റകൃത്യം ചെയ്തെന്ന ആരോപണം നേരിടുന്നയാളാണെന്നത് സർക്കാരിെൻറ ആത്മാർഥതയെ വീണ്ടും സംശയത്തിലാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവിെൻറ ഫേസ്ബുക്ക് പോസ്റ്റ്
ഒരു സർക്കാരിെൻറ ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ് പൊതുഖജനാവിെൻറ സംരക്ഷണവും, സുതാര്യമായ നടത്തിപ്പും. സമസ്ത മേഖലകളിലും അമ്പേ പരാജയപ്പെട്ട കേരള സർക്കാരിെൻറ ഏറ്റവും പുതിയതും, ഗൗരവമുള്ളതുമായ കുംഭകോണമാണ് ട്രഷറിയിലെ തിരിമറിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം വിവിധ ട്രഷറികളിൽ നിന്നായി നിരവധി തവണ പണം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ പാർട്ടി താല്പര്യം മാത്രം മുൻനിർത്തി കുറ്റവാളികളെ സംരക്ഷിക്കുകയും, തിരിമറി ഒതുക്കി തീർക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ ഇതുവരെ തുടർന്നത്. വഞ്ചിയൂർ സബ് ട്രഷറിയിൽ നടന്ന ഗുരുതരമായ തിരിമറിയെ ഒരു ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച് , ഒരു ജീവനക്കാരനെതിരെ മാത്രം നടപടിയെടുത്ത് രക്ഷപ്പെടുന്ന പതിവ് പിണറായി സർക്കാർ ശൈലി ഇതിൽ ആവർത്തിക്കപ്പെടാൻ പാടില്ല.
ഇത്രയും വലിയ തോതിലുള്ള തിരിമറികൾ നടന്നതിൽ ട്രഷറി ഡയറക്ടർക്കും, ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്കിനുമുള്ള പങ്ക് സ്വതന്ത്രമായും, സുതാര്യമായും അന്വേഷിക്കപ്പെടണം. അതിന് വകുപ്പ്തല അന്വേഷണം എന്ന പ്രഹസനം പര്യാപ്തമല്ല, മാത്രമല്ല ഇതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരിൽ ഒരാൾ നിലവിൽ സമാനമായ കുറ്റകൃത്യം ചെയ്തു എന്ന ആരോപണം നേരിടുന്നയാളാണ് എന്നത് സർക്കാരിെൻറ ആത്മാർത്ഥതയെ വീണ്ടും സംശയത്തിലാക്കുന്നു.
സമഗ്രമായ ഒരു വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുകയല്ലാതെ ജനങ്ങൾക്കു നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കാൻ സാധിക്കില്ല. അടിയന്തരമായി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു ശക്തമായ നിയമനടപടി സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.