ട്രഷറി തട്ടിപ്പുകൾ ആവർത്തിച്ചിട്ടും പഴുതടയ്ക്കാതെ സർക്കാർ
text_fieldsതിരുവനന്തപുരം: ട്രഷറി തട്ടിപ്പുകൾ ആവർത്തിക്കുമ്പോഴും തുടർപരിശോധനകൾ നടത്തി പഴുതടയ്ക്കാതെ സർക്കാർ. ഓരോ സംഭവവുമുണ്ടാകുമ്പോഴും സുരക്ഷ കർക്കശമാക്കിയെന്ന് അധികൃതർ അവകാശപ്പെടുമെങ്കിലും വീണ്ടും തട്ടിപ്പുകൾ ആവർത്തിക്കുന്നതിലൂടെ വെളിപ്പെടുന്നത് കെടുകാര്യസ്ഥതയാണ്. വിവര സാങ്കേതികവിദ്യ ഇത്രയും മുന്നേറിയ കാലത്തും ട്രഷറി അക്കൗണ്ടുകളില്‍നിന്നും പണം പിന്‍വലിച്ചാല്‍ അക്കൗണ്ട് ഉടമക്ക് സന്ദേശം ലഭിക്കാത്ത സാഹചര്യമാണിപ്പോഴും. ഈ സൗകര്യമുണ്ടായിരുന്നെങ്കിൽ തട്ടിപ്പുകൾ വലിയൊരളവിൽ ഒഴിവാക്കാൻ കഴിയുമായിരുന്നു. ദേശസാത്കൃത ബാങ്കുകളടക്കം ഈ സൗകര്യം ഫലപ്രദമായി നടപ്പാക്കുമ്പോഴാണ് ട്രഷറികളുടെ ഇക്കാര്യത്തിലെ മെല്ലെപ്പോക്ക്.
2020ൽ വഞ്ചിയൂർ ട്രഷറിയിൽ വിരമിച്ച ജീവനക്കാരന്റെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് 2.5 കോടി രൂപ തട്ടിയെടുത്ത ഗുരുതര സംഭവത്തിനു ശേഷം പിന്നാലെ ട്രഷറികളിൽ സുരക്ഷ ഓഡിറ്റ് നടത്തുകയും ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ, 2020നു ശേഷം ചെറുതും വലുതുമായ എട്ടോളം തട്ടിപ്പുകളാണ് ട്രഷറികളിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നാലു ജീവനക്കാരെ ഇതിനോടകം പിരിച്ചുവിടുകയും ചെയ്തു. വിവിധ കാലങ്ങളിലായി ഇത്തരത്തിൽ പിരിച്ചുവിടപ്പെട്ടവരുടെ എണ്ണം 12 ഓളമാണ്. ചെക്ക് ബുക്ക് അച്ചടിയില്‍ പോലും കേന്ദ്രീകൃത സ്വഭാവമില്ല. ദേശസാത്കൃത ബാങ്കുകളെല്ലാം ചെക്കുകൾ കേന്ദ്രീകൃതമായി അച്ചടിച്ച് ഉടമകൾക്ക് എത്തിക്കുമ്പോഴാണിത്.
കഴക്കൂട്ടം ട്രഷറിയില്‍ അപേക്ഷ പോലും ഇല്ലാതെ ജീവനക്കാർതന്നെ അക്കൗണ്ട് ഉടമകളുടെ പേരില്‍ ചെക്കുകള്‍ നല്‍കിയാണ് പണം പിന്‍വലിച്ചത്. വഞ്ചിയൂർ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ലോഗിൻ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ വിരമിക്കുന്നയാളുടെ പാസ്വേഡ് വിരമിക്കുന്ന ദിവസംതന്നെ സ്വയം പ്രവർത്തരഹിതമാകുന്നതിന് സാങ്കേതിക സംവിധാനവും ഏർപ്പെടുത്തിയിരുന്നു. നിലവിൽ ഒരാളുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് അയാളുടെ കമ്പ്യൂട്ടർ വഴിയേ സോഫ്റ്റ്വെയർ സംവിധാനത്തിലേക്ക് പ്രേവശിക്കാനാവൂ. പാസ് വേഡിന് പുറമേ, ഒ.ടി.പി കൂടി നൽകിയാലേ ഉദ്യോഗസ്ഥന് സംവിധാനത്തിലേക്ക് കയറാനും കഴിയൂ.
എന്നാൽ, സോഫ്റ്റ്വെയർ സുരക്ഷിതമാക്കിയപ്പോളാണ് ചെക്ക്ബുക്ക് മറയാക്കിയുള്ള തട്ടിപ്പിന്റെ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സംസ്ഥാനത്തെ മുഴുവൻ ട്രഷറികളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പു വരുത്തണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാൽ, സർക്കാർ ഇതുവരെയും ഇത്തരമൊരു അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.
മുഴുവൻ ട്രഷറികളിലും അന്വേഷണം നടത്തണം -സതീശൻ
തിരുവനന്തപുരം: കഴക്കൂട്ടം സബ്ട്രഷറിയില്‍ ജീവനക്കാര്‍ വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് 18 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ട്രഷറികളിലും സബ് ട്രഷറികളിലും സമാനമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്. ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന ഇത്തരം സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ട്രഷറി സംവിധാനത്തിലെ പഴുതുകള്‍ അടയ്ക്കാനുള്ള നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സ്വീകരിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.