ഏത് രാത്രിയും മൃഗങ്ങൾക്ക് ചികിത്സ -മന്ത്രി ചിഞ്ചുറാണി
text_fieldsപന്ന്യന്നൂർ: രാത്രികാല മൃഗപരിപാലനത്തിന് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ഓരോ പുതിയ വാഹനം നൽകുമെന്നും ഇനി അത്യാവശ്യ സന്ദർഭങ്ങളിൽ ഏത് രാത്രിയും മൃഗങ്ങൾക്ക് ചികിത്സയുമായി ഡോക്ടർമാർക്ക് കർഷകന്റെ വീട്ടുമുറ്റത്ത് എത്താനാവുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി. പന്ന്യന്നൂർ പഞ്ചായത്തിൽ പുതുതായി നിർമിച്ച ആധുനിക വെറ്ററിനറി ഡിസ്‌പെൻസറി മന്ദിരം നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി.
നല്ല നിലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുമുണ്ടെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ രാത്രിസമയങ്ങളിൽ വിളിച്ചാൽ ഡോക്ടർമാർ എത്തുന്നില്ലെന്ന പരാതി ചില കർഷകർ ഉന്നയിച്ചിട്ടുണ്ട്.
വളരെ ദൂരം സഞ്ചരിക്കേണ്ട പ്രയാസം കൊണ്ടാണവർക്ക് എത്താനാവാത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വാഹനം നൽകുന്നത്. ഇത്തരത്തിൽ കേരളത്തിൽ 30 വാഹനങ്ങൾ ഇതിനോടകം നൽകിക്കഴിഞ്ഞു. ബാക്കി നൽകാനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കാലിത്തീറ്റ വില കുറക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്. ആന്ധ്രയിലെ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. അവർ ചോളം ഉപയോഗിച്ച് നിർമിക്കുന്ന സൈലേജ് എന്ന പുതിയയിനം തീറ്റ കുറഞ്ഞ വിലക്ക് കേരളത്തിലെ കർഷകർക്ക് എത്തിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും.
സൈലേജ് നൽകിയാൽ കൂടുതൽ അളവിൽ കട്ടികൂടിയ പാൽ ലഭിക്കും. നമുക്കാവശ്യായ തീറ്റപ്പുൽകൃഷി ഇവിടെ തയാറാക്കേണ്ടതുണ്ട്. ഒരേക്കറിൽ പുൽകൃഷി നടപ്പാക്കിയാൽ 16000 രൂപ സർക്കാർ സബ്‌സിഡി ഇനത്തിൽ നൽകുമെന്നും മന്ത്രി അറിയിച്ചു. പന്ന്യന്നൂർ മൃഗാശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. സ്പീക്കർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.