എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ: മേല്‍നോട്ടം വഹിക്കാന്‍ ഹൈകോടതിക്ക് നിർദേശം
text_fieldsന്യൂഡല്‍ഹി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ, പാലിയേറ്റിവ് കെയർ അടക്കമുള്ള കാര്യങ്ങളില്‍ ഹൈകോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി. 3700ൽ അധികം വരുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ ഏകദേശം എല്ലാവര്‍ക്കും അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം വിതരണം ചെയ്തുവെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് നഷ്ടപരിഹാര വിതരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ചികിത്സയും പാലിയേറ്റിവ് കെയറും ഉൾപ്പെടെയുള്ള കാര്യങ്ങളുടെ മേല്‍നോട്ടം ഹൈകോടതി നിര്‍വഹിക്കട്ടേയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സ സംബന്ധിച്ച് കാസര്‍കോട് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച മേല്‍നോട്ടം വഹിക്കാനാണ് ഹൈകോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.
നിലവില്‍ സുപ്രീംകോടതി പരിഗണനയില്‍ ഇരുന്ന കേസ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.